പയ്യന്നൂർ: കണ്ടങ്കാളി റെയിൽവേ ഗേറ്റിന് ഓവർബ്രിഡ്ജ് നിർമ്മിക്കണമെന്ന് നഗരസഭ കൗൺസിൽ യോഗം ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് കണ്ടങ്കാളി നോർത്ത് വാർഡ് മെമ്പർ എം. ആനന്ദൻ അവതരിപ്പിച്ച പ്രമേയം കൗൺസിൽ ഐക്യകണ്ഠേന അംഗീകരിച്ചു. പയ്യന്നൂരിൽ നിന്നും കണ്ടങ്കാളി
വഴി പുഞ്ചക്കാടേക്ക് പോകുന്ന റോഡിൽ ഉള്ള റെയിൽവേ ഗേറ്റിന്റെ പരിപാലന ചെലവ് നിലവിൽ നഗരസഭയാണ് വഹിക്കുന്നത്. വർഷങ്ങൾക്ക് മുൻപ് അന്നത്തെ പയ്യന്നൂർ പഞ്ചായത്ത് അധികൃതർ ജനങ്ങളുടെ യാത്രാ സൗകര്യം പരിഗണിച്ച് റെയിൽവേയുമായി ഉണ്ടാക്കിയ കരാറാണ് ഇപ്പോൾ നഗരസഭക്ക് വൻ ബാദ്ധ്യതയായി തീർന്നിട്ടുള്ളത്.
കണ്ടങ്കാളി - പുഞ്ചക്കാട് റോഡ് നിർമ്മിക്കുമ്പോൾ രണ്ട് റോഡും തമ്മിൽ റെയിൽ പാളം മുറിച്ചുകടന്ന് യോജിപ്പിക്കുന്നതിനായി റെയിൽവേ ഗേറ്റ് സ്ഥാപിച്ച് കിട്ടുന്നതിനായി , അന്നത്തെ പഞ്ചായത്ത് അധികൃതർ റെയിൽവേ അധികൃതരുമായി ഉണ്ടാക്കിയ കരാറാണ് നഗരസഭ പാലിക്കുന്നത്. തുടക്കത്തിൽ വർഷം 1400 രൂപയോളമായിരുന്നു ചെലവ്. എന്നാൽ ഇന്ന് ഗേറ്റ് നിലനിർത്തുന്നതിനായി നഗരസഭ ഒരു വർഷം അടക്കേണ്ടത് 22,93,000 രൂപയാണ്. അഞ്ച് വർഷം മുൻപ് ഇത് പത്ത് ലക്ഷം രൂപയായിരുന്നു. ഇനിയും വർഷം തോറും തുക കൂടും.
പ്രമേയത്തിൽ പറയുന്ന ഉദ്ദേശലക്ഷ്യങ്ങൾ നിറവേറ്റുവാൻ വേണ്ട ഇടപെടലുകളും ഇതോടൊപ്പം നടത്തണമെന്നും വീടുകൾ സന്ദർശിച്ച് വൃദ്ധജനങ്ങൾക്കും മറ്റും ആവശ്യമായ ചികിത്സ നൽകുന്ന വയോമിത്രം പദ്ധതിയിൽ മരുന്നുകളുടെ ലഭ്യത ഉറപ്പ് വരുത്തണമെന്നും കെ.കെ. ഫൽഗുണൻ ആവശ്യപ്പെട്ടു. വി.വി. സജിത, വി. ബാലൻ തുടങ്ങിയവർ സംസാരിച്ചു. ചെയർപേഴ്സൺ കെ.വി. ലളിത അദ്ധ്യക്ഷത വഹിച്ചു.
കണ്ടങ്കാളി റെയിൽവേ ഗേറ്റ് വലിയ സാമ്പത്തിക ബാദ്ധ്യതയാണ് നഗരസഭക്ക് വരുത്തിവയ്ക്കുന്നത്.
ചെയർപേഴ്സൺ കെ.വി.ലളിത