പയ്യന്നൂർ: കേരള പൂരക്കളി അക്കാഡമി 2019-20 വർഷത്തെ അവാർഡ് ദാനവും പുരസ്കാര സമർപ്പണവും 17ന് പയ്യന്നൂർ മഹാദേവ ഗ്രാമത്തിൽ നടക്കുമെന്ന് ടി.ഐ. മധുസൂദനൻ എം.എൽ.എ. വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വൈകീട്ട് 5ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അവാർഡുകൾ വിതരണം ചെയ്യും. ടി.ഐ. മധുസൂദനൻ എം.എൽ.എ.അദ്ധ്യക്ഷത വഹിക്കും. രാജ് മോഹൻ ഉണ്ണിത്താൻ എം.പി, നഗരസഭ ചെയർപേഴ്സൺ കെ.വി.ലളിത, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി.വത്സല, മുൻ എം.എൽ.എ. സി. കൃഷ്ണൻ സംബന്ധിക്കും. സമഗ്ര സംഭാവനക്ക് വി.പി. ദാമോദരൻ പണിക്കർ, ഫെലോഷിപ്പിന് വെള്ളൂർ പി. നാരായണൻ എന്നിവരടക്കം 55 പേരാണ് ഈ പ്രാവശ്യം അവാർഡിന് അർഹരായത്.

അവാർഡ് ദാനത്തോടനുബന്ധിച്ച് നാല് പൂരക്കളി മറത്തുകളി പണ്ഡിതൻമാർ പങ്കെടുക്കുന്ന മറത്തു കളിയും, പൂരക്കളി, കോൽക്കളി എന്നിവയും അരങ്ങേറും. വാർത്താ സമ്മേളനത്തിൽ അക്കാഡമി സെക്രട്ടറി കെ.വി. മോഹനൻ, സംഘാടക സമിതി കൺവീനർ കെ. ശിവകുമാർ, അക്കാഡമി അംഗങ്ങളായ എൻ. കൃഷ്ണൻ, വി.ഇ. രാഗേഷ്, എ.വി. ശശിധരൻ, സി. രാജൻ പണിക്കർ, മോഹനൻ മേച്ചേരി എന്നിവരും സംബന്ധിച്ചു.