kotta
ബ്രണ്ണൻ കോളേജ് കാമ്പസിലെ കോട്ടയുടെ അവശിഷ്ടം

തലശ്ശേരി: ധർമ്മടം കോട്ടയെക്കുറിച്ചുള്ള ഐതിഹ്യത്തിന്റെ മുനയൊടിക്കുന്ന കണ്ടെത്തലുമായി കണ്ണൂർ സർവകലാശാല പാലയാട് ക്യാമ്പസിലെ നരവംശശാസ്ത്ര വകുപ്പ് മേധാവി ഡോ. എം.എസ് മഹേന്ദ്രകുമാറിന്റെ പഠനറിപ്പോർട്ട്. ഗവ. ബ്രണ്ണൻ കോളേജ് കുന്നിൽ ശാന്തി വനത്തിനോട് ചേർന്ന് മണ്ണടിഞ്ഞുപോയ കോട്ടക്ക് 353 വയസ് പ്രായമായെന്നാണ് കണ്ടെത്തൽ. തലശ്ശേരി കോട്ട പണിയുന്നതിനും, അരനൂറ്റാണ്ട് മുൻപ് ബ്രിട്ടീഷുകാർ പുരാതന പട്ടണമായ ധർമ്മപട്ടണത്ത് കോട്ട കെട്ടിയതായാണ് വാദം.

1668ൽ ധർമ്മടത്ത് കോട്ട പണിതെന്നാണ് ഗവേഷണം പറയുന്നത്. കൊൽക്കത്തയിൽനിന്നുള്ള ഏഷ്യാറ്റിക് സൊസൈറ്റി ജേർണലിന്റെ പുതിയ ലക്കത്തിലാണ് ഈ പഠനറിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുള്ളത്.
ധർമ്മടം കോട്ടയുടെ അവശിഷ്ടങ്ങളിൽ ബ്രിട്ടീഷ് നിർമ്മാണരീതികൾ കാണാമെന്ന് മഹേന്ദ്രകുമാർ നിരീക്ഷിക്കുന്നു. കക്ക നീറ്റിയുണ്ടാക്കിയ കുമ്മായക്കൂട്ടിൽ കല്ലുകൾ ചേർത്തുവച്ചുള്ള കെട്ട് ബ്രിട്ടീഷ് കാലത്തെ ബലപ്പെടുത്തുന്നുണ്ട്. കക്കയുടെ തോടുകൾ ഇപ്പോഴും ഇവിടെ കാണാം. ധർമ്മടം ദ്വീപിൽ, കുരുമുളക് ധാരാളം ലഭിച്ചിരുന്നതാകാം ബ്രിട്ടീഷുകാരെ ഇവിടേക്ക് ആകർഷിച്ചത്.

ഉയർന്ന കുന്നിൽനിന്ന് ചുറ്റുപാടും നിരീക്ഷിക്കാനാകും. അഞ്ചരക്കണ്ടിപ്പുഴയിലൂടെ ജലഗതാഗത സൗകര്യവുമുണ്ടായിരുന്നു. അന്നത്തെ ബോംബെ ഗവർണറായിരുന്ന ജെറാൾഡ് ആംഗീർ 1666ലാണ് ധർമ്മടത്ത് കച്ചവടകേന്ദ്രം ആരംഭിക്കാൻ അനുമതിതേടി ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ സൂറത്ത് ആസ്ഥാനത്തേക്ക് കത്തയച്ചിരുന്നു. കത്തിന് മറുപടി ലഭിച്ചതായി രേഖകളില്ല. എങ്കിലും 1668 ജൂലായിൽ കോഴിക്കോടുണ്ടായിരുന്ന കച്ചവടകേന്ദ്രം തലവൻ അലക്സാണ്ടർ ഗ്രിഗ്ബിയും സംഘവും ധർമ്മടത്ത് കോട്ട നിർമ്മിക്കുകയായിരുന്നു. 1669 മുതൽ എട്ട് വർഷമേ ധർമ്മടത്തുനിന്ന് സുഗന്ധദ്രവ്യങ്ങൾ കയറ്റി അയക്കാനായുള്ളൂ. ധർമ്മടം പിടിക്കാൻ കോലത്തിരി, കോട്ടയം, അറക്കൽ രാജവംശങ്ങൾ തമ്മിൽ തുടരെയുണ്ടായ യുദ്ധത്തിൽ കോട്ടയുടെ പടിഞ്ഞാറേമതിലും, വടക്കേമതിലും തകർന്നതോടെ, കച്ചവടകേന്ദ്രത്തിലെ പ്രവർത്തനം നിർത്താൻ 1677ൽ സൂറത്ത് കൗൺസിൽ ഉത്തരവിടുകയായിരുന്നു. കച്ചവടം കോഴിക്കോട്ടേക്കും, താനൂരിലേക്കും മാറ്റി. 1682ൽ ഫ്രഞ്ചുകാർ തലശ്ശേരിയിൽനിന്ന് പുന്നോലിലേക്കും പിന്നീട് മാഹിയിലേക്കും പിന്മാറിയശേഷമാണ് കോലത്തിരി രാജാവിന്റെ അനുവാദത്തോടെ ബ്രിട്ടീഷുകാർ തലശ്ശേരി കേന്ദ്രമാക്കി കച്ചവടം തുടങ്ങിയത്. 1708 ലാണ് തലശ്ശേരിയിൽ കോട്ട നിർമ്മിച്ചത്. 1934 ആയപ്പോഴേക്കും ധർമ്മടം ബ്രിട്ടീഷ് അധീനതയിലായി. തലശ്ശേരിയിൽ സുശക്തമായ കോട്ട പണിതതോടെ ധർമ്മടത്ത് ഇത്രയും ചെലവ് ചെയ്യാൻ അവർക്ക് താൽപ്പര്യമുണ്ടായില്ല. മൂന്ന് ഭാഗവും പുഴയും ഒരു ഭാഗം കടലുമായി അതിരിടുന്ന ദ്വീപിന്റെ ഉയരമേറിയ കുന്നിന്റെ തന്ത്ര പ്രാധാന്യം ബ്രട്ടീഷുകാർക്ക് നന്നായറിയാമായിരുന്നു. ഇവിടം ഒരു സംരക്ഷണ കേന്ദ്രമാക്കി (വ്യൂ പോയിന്റ് ) നിലനിർത്തുകയായിരുന്നുവെന്നും ഗവേഷണ റിപ്പോർട്ടിൽ പറയുന്നു.

നാട്ടുകാർ ഈ കുന്നിനെ ചേരമാൻകുന്ന് എന്നും, കോട്ടയെ ചേരമാൻ കോട്ടയെന്നുമാണ് കാലങ്ങളായിവിളിച്ചു വന്നിരുന്നത്. കോട്ട പെരുമാളിന്റേതാണെന്ന് തെളിയിക്കാൻ യാതൊരു ആധികാരികതയുമില്ല.

ഗവ. ബ്രണ്ണൻ കോളേജ് മുൻ പ്രിൻസിപ്പൽ ഡോ: വത്സലൻ