കണ്ണൂർ: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന് കണ്ണൂർ സർവ്വകലാശാലയിൽ അസോ. പ്രൊഫസറായി ഇപ്പോൾ നിയമനം നൽകേണ്ടെന്ന് സിൻഡിക്കേറ്റ് തീരുമാനം. നിയമനം വിവാദമായ സാഹചര്യത്തിൽ ഇന്നലെ ചേർന്ന യോഗമാണ് നടപടി തത്കാലം മാറ്റിവച്ചത്. വഴിവിട്ട നിയമന നീക്കം വിവാദമായതോടെ ഗവർണർ വി.സിയിൽനിന്ന് നിന്ന് വിശദീകരണം തേടിയിരുന്നു.
കഴിഞ്ഞ നവം. 18നാണ് മലയാളം അസോ. പ്രൊഫസർ തസ്തികയിലേക്ക് ഇന്റർവ്യൂ നടന്നത്. എട്ടുവർഷം അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ സേവനമനുഷ്ഠിച്ചിരിക്കണം എന്നാണ് യു.ജി.സി വ്യവസ്ഥ. പ്രിയ വർഗീസിന് ഈ യോഗ്യതയില്ലെന്ന ആരോപണവുമായി സെനറ്റ് അംഗം ഡോ. ആർ.കെ. ബിജു രംഗത്തെത്തിയിരുന്നു. ഫാക്കൽറ്റി ഡെവലപ്‌മെന്റ് പ്രോഗ്രാം വഴി ഗവേഷണം ചെയ്യാൻ അവധിയിൽ പോയ കാലയളവ് അദ്ധ്യാപന പരിചയമായി പ്രിയ ചേർത്തതായും ചട്ടപ്രകാരം ഇത് തെറ്റാണെന്നും ഡോ. ബിജു പറയുന്നു.
ഭരണത്തിന്റെ ബലത്തിൽ എ.എൻ. ഷംസീർ എം.എൽ.എ അടക്കമുള്ള സി.പി.എം നേതാക്കളുടെ ബന്ധുക്കൾക്ക് കണ്ണൂർ അടക്കമുള്ള സർവകലാശാലകളിൽ വഴിവിട്ട നിയമനം നടത്താനുള്ള നീക്കം നേരത്തെ വിവാദമായിരുന്നു.