തലശ്ശേരി: കോയമ്പത്തൂർ-കണ്ണൂർ എക്സ്പ്രസ് ട്രെയിൻ ടെമ്പിൾ ഗേറ്റ് സ്റ്റേഷനിൽ നിറുത്താതെ പോയ സംഭവത്തിൽ റെയിൽവേ അന്വേഷണം ആരംഭിച്ചു. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. രാത്രി 7.49ന് ഒരു മിനുട്ട് നേരമാണ് നേരത്തെ പാസഞ്ചർ ട്രെയിനായി ഓടിയിരുന്ന കോയമ്പത്തൂർ- കണ്ണൂർ എക്സ്പ്രസിന് ടെമ്പിൾ ഗേറ്റിൽ സ്റ്റോപ്പുള്ളത്. എന്നാൽ മാഹി കഴിഞ്ഞ് അടുത്ത ഹാൾട്ടിംഗ് സ്റ്റേഷനായ ടെമ്പിൾ ഗേറ്റിൽ എത്താറായപ്പോൾ പച്ച സിഗ്നൽ തെളിയുകയും ലോക്കോ പൈലറ്റ് വേഗത കൂട്ടി സ്റ്റേഷനിൽ നിറുത്താതെ പോവുകയുമായിരുന്നു. തൊട്ടടുത്ത തലശ്ശേരിയിലാണ് ഇവിടെ ഇറങ്ങേണ്ട യാത്രക്കാർ ഇറങ്ങിയത്. ഇവരുടെ പരാതി ലഭിച്ചതോടെ പാലക്കാട് ഡിവിഷൻ ഓഫീസിൽ നിന്ന് അന്വേഷണ ഉത്തരവും എത്തി. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാവും തുടർ നടപടികൾ.