പയ്യന്നൂർ: നഗരസഭ സമ്പൂർണ്ണ ശുചിത്വ നഗരം പദ്ധതിയുടെ ഭാഗമായി 23, 24 വാർഡുകളിൽ പുഴയോര മാലിന്യ നിർമ്മാർജനം തുടർ പ്രവർത്തനങ്ങൾ നടത്തി. പുന്നക്കടവ് പാലത്തിന് സമീപം പുഴയോരത്ത് തൊഴിലുറപ്പ് തൊഴിലാളികൾ, നഗരസഭ കരാർ അടിസ്ഥാനത്തിൽ നിയമിച്ച ശുചീകരണ തൊഴിലാളികൾ, ആരോഗ്യ വിഭാഗം ജീവനക്കാർ എന്നിവരുടെ നേതൃത്വത്തിലാണ് മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങൾ നടക്കുന്നത്.

നഗരസഭ ചെയർപേഴ്സൺ കെ.വി.ലളിത ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി.വി.കുഞ്ഞപ്പൻ അദ്ധ്യക്ഷനായിരുന്നു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ വി.വി. സജിത, വി. ബാലൻ, ടി. വിശ്വനാഥൻ, സെമീറ ടീച്ചർ, കൗൺസിലർമാരായ വസന്ത രവി, എം. പ്രസാദ്, ഹെൽത്ത് ഇൻസ്പെക്ടർ കെ.പി.സുബൈർ, ജെ.എച്ച്.ഐ. ലതീഷ് തുടങ്ങിയവർ സംബന്ധിച്ചു.

പുഴയോര മാലിന്യ നിർമ്മാർജ്ജനം പ്രവർത്തനങ്ങളുടെ ഒന്നാം ഘട്ടമായി പെരുമ്പ മുതൽ കണ്ടങ്കാളി പൂരക്കടവ് വരെയുള്ള പുഴയോരങ്ങളിലെ മാലിന്യങ്ങൾ ശേഖരിച്ച് നിർമ്മാർജ്ജനം ചെയ്തിരുന്നു.

പുഴയിലേക്ക് പ്ലാസ്റ്റിക് ഉൾപ്പെടെയുള്ളവ മാലിന്യങ്ങൾ നിക്ഷേപിക്കുന്ന സ്ഥലങ്ങൾ കണ്ടെത്തുകയും തുടർന്ന് അവ നിർമ്മാർജ്ജനം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നതോടൊപ്പം, മാലിന്യങ്ങൾ നിക്ഷേപിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് ചെയർപേഴ്സൺ പറഞ്ഞു.