ഇരിട്ടി: കേരള- കർണാടക അതിർത്തിയായ കൂട്ടുപുഴയിൽ കെ.എസ്.ടി.പി റോഡ് പദ്ധതിയിൽ ഉൾപ്പെടുത്തി കേരളം പണിയുന്ന പുതിയ പാലം പുതുവർഷ ദിനത്തിൽ ഗതാഗതത്തിന് തുറന്നു കൊടുക്കും. ഇരിട്ടി പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസിൽ സണ്ണി ജോസഫ് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ജനപ്രതിനിധികളും വകുപ്പു പ്രതിനിധികളും ചേർന്ന് നടത്തിയ അവലോകന യോഗത്തിൽ ആണ് തീരുമാനം.
നിരവധി പ്രതിബന്ധങ്ങൾ തരണംചെയ്ത് മുന്നോട്ടുപോയ പ്രവൃത്തി ഏതാണ്ട് പൂർത്തിയായിക്കഴിഞ്ഞു. ഇനി ശേഷിക്കുന്നത് പാലത്തിന്റെ ഉപരിതലത്തിലെയും ഇരുകരകളിലുമുള്ള റോഡുകളെ ബന്ധിപ്പിക്കുന്ന ഭാഗത്തുമുള്ള മെക്കാഡം ടാറിംഗുമാണ്. 18ന് ഇത് പൂർത്തിയാക്കും. ശേഷിക്കുന്ന പെയിന്റിംഗും ഈ സമയമാകുമ്പോഴേക്കും തീർക്കും. ഇതോടെ 2022 ജനുവരി ഒന്നിന് തന്നെ പാലം ഗതാഗതത്തിനു തുറന്നു കൊടുക്കാനാണ് തീരുമാനം.
2018 സപ്തംബറിൽ പൂർത്തിയാക്കേണ്ട പാലത്തിന്റെ നിർമ്മാണം കർണാടകയുടെ എതിർപ്പ് മൂലം നീണ്ടുപോവുകയായിരുന്നു. മൂന്ന് വർഷം മുടങ്ങിക്കിടന്നതും പിന്നാലെ വന്ന കൊവിഡും മൂലം നിർമ്മാണം വൻ പ്രതിസന്ധിയിലൂടെയാണ് കടന്നുപോയത്. പുതിയ പാലത്തിന്റെ ഉപരിതല ടാറിംഗിനൊപ്പം പഴയ പാലവും ടാറിംഗ് നടത്താനാണ് ഇപ്പോൾ തീരുമാനം. ഇരിട്ടി, കൂട്ടുപുഴ പഴയ പാലങ്ങളുടെ സംരക്ഷണത്തിനുള്ള നടപടികളും ഉണ്ടാവും.
പഴയപാലത്തെ സംരക്ഷിക്കണം
90 വർഷങ്ങൾക്ക് മുൻപ് ബ്രിട്ടീഷുകാർ കുടക് ജില്ലയുമായി വ്യാപാര ആവശ്യങ്ങൾക്ക് വേണ്ടി നിർമ്മിച്ച വീതി കുറഞ്ഞ പഴയപാലം അപകടഭീഷണിയിലാണ്. തൂണില്ലാതെ നിർമ്മിച്ച കോൺക്രീറ്റ് പാലം ഇത്രയും കാലം നിലനിന്നു എന്നതും അത്ഭുതമാണ്. ഇതുകൊണ്ടുതന്നെ ഇതിനെ പൈതൃകമായി സംരക്ഷിക്കാനുള്ള നടപടികൾ ഉണ്ടാവണമെന്ന ആവശ്യവും ശക്തമാണ്. പാലത്തിന്റെ ഉപരിതലം തകരുകയും കൈവരികൾക്ക് ബലക്ഷയം വരികയും ചെയ്തിട്ടുണ്ട്.
വർഷങ്ങളായി പെയിന്റിംഗ് നടത്താഞ്ഞതിനാൽ പഴയ പാലത്തിന്റെ കമ്പികൾ തുരുമ്പെടുത്ത നിലയിലാണ്. ചെറിയ അറ്റകുറ്റപണികൾ നടത്തിയാൽ ഇനിയും വർഷങ്ങളോളം ഇതിനെ നിലനിർത്താൻ കഴിയും.
നാട്ടുകാർ