മാഹി: മയ്യഴിക്കാരനായ ഫാബിദിന്റെ മികവിൽ പോണ്ടിച്ചേരിക്ക് വിജയ് ഹസാരെ ട്രോഫിയിൽ തുടർച്ചയായി രണ്ടാം വിജയം. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന വിജയ് ഹസാരെ ട്രോഫിയിൽ കഴിഞ്ഞ ദിവസം തമിഴ്നാടിനെതിരെ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പോണ്ടിച്ചേരി 225 റൺസിന് ഓൾ ഔട്ട് ആവുകയായിരുന്നു. വാലറ്റത്തെ കൂട്ടുപിടിച്ച് ഫാബിദ് നടത്തിയ ഒറ്റയാൾ പോരാട്ടമാണ് പോണ്ടിച്ചേരിക്ക് മികച്ച ടോട്ടൽ സമ്മാനിച്ചത്. ഇന്നിംഗ്സ് അവസാനിക്കുമ്പോൾ പുറത്താകാതെ ഫാബിദ് 87 റൺസ് നേടിയിരുന്നു. തുടർന്ന് തമിഴ്നാടിന്റെ ഇന്ത്യൻ താരം വാഷിംഗ്ടൺ സുന്ദറിന്റെ ഉൾപ്പെടെ രണ്ട് വിക്കറ്റുകൾ കൂടി നേടി അദ്ദേഹം ടീമിന് ഒരു റൺസിന്റെ ഉജ്ജ്വല വിജയം സമ്മാനിച്ചു. ഇന്നലെ കരുത്തരായ മുംബയ്ക്കെതിരെ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പോണ്ടിച്ചേരി 157 റൺസിനു എല്ലാവരും പുറത്തായി. തുടർന്ന് ബാറ്റ് ചെയ്ത മുംബയെ 139 റൺസിന് പുറത്താക്കി 18 റൺസിന്റെ അവിസ്മരണീയ വിജയം പോണ്ടിച്ചേരി സ്വന്തമാക്കി. മുംബയുടെ ഇന്ത്യൻ താരം ജൈസ്വാൽ ഉൾപ്പെടെ നാല് വിക്കറ്റുകൾ കൊയ്ത് ഫാബിദ് വീണ്ടും കളിയിലെ താരമായി. മാഹി റെയിൽവേ സ്റ്റേഷൻ റോഡിൽ തബ്സമിൽ സി.ടി.കെ.ഫാറൂക്കിന്റെയും സജ്ന ഫാറൂക്കിന്റെയും മകനായ ഫാബിദ് 14 വയസുമുതൽ കേരള ക്രിക്കറ്റ് ടീമിന്റെ ഭാഗമായിരുന്നു. കേരളത്തിന് വേണ്ടി രഞ്ജി ട്രോഫി കളിച്ചിട്ടുള്ള ഫാബിദ് കഴിഞ്ഞ അഞ്ചു വർഷമായി പോണ്ടിച്ചേരിക്ക് വേണ്ടി കളിച്ചുവരുന്നു.