
കണ്ണൂർ: ബീയർ പാർലറിന് സമാനമായി കള്ളുഷാപ്പുകൾ നവീകരിക്കാനും ശുദ്ധമായ കള്ള് യഥേഷ്ടം ലഭ്യമാക്കാനുമുള്ള പദ്ധതിയുടെ ഭാഗമായി ടോഡി വ്യവസായ ബോർഡ് പുതുവർഷത്തിൽ പ്രവർത്തനം തുടങ്ങും. എയർ കണ്ടീഷൻ ചെയ്ത മുറികൾവരെ കള്ളുഷാപ്പുകളിൽ സജ്ജമാക്കും. വഴിയോരത്തെ തട്ടിക്കൂട്ടിയ കൂരകൾക്ക് പകരം, നല്ല കെട്ടിടങ്ങളിലായിരിക്കും ഭാവിയിൽ കള്ളുഷാപ്പുകൾ പ്രവർത്തിക്കുക.
പദ്ധതി രേഖ തയ്യാറാക്കാൻ നാളെ തിരുവനന്തപുരത്ത് കള്ള് വ്യവസായികളുമായി എക്സൈസ് മന്ത്രി എം.വി. ഗോവിന്ദൻ ചർച്ച നടത്തും.
കണ്ണൂർ, കൊല്ലം ജില്ലകളിൽ ചില കള്ളുഷാപ്പുകൾ ഇപ്പോൾത്തന്നെ മികച്ച സൗകര്യങ്ങളോടെ പ്രവർത്തിക്കുന്നുണ്ട്. ഇതിന്റെ വിജയമാണ് മറ്റുള്ളിടത്തും സമാന സൗകര്യങ്ങൾ ഏർപ്പെടുത്താൻ പ്രേരണയായത്. ടൂറിസം സാദ്ധ്യത കണക്കിലെടുത്തും കള്ളുഷാപ്പുകൾ സജ്ജമാക്കും.
സംസ്ഥാനത്ത് ഒരു ദിവസം അരലക്ഷത്തിലേറെ ലിറ്റർ കള്ള് വേണം. നിലവിൽ ഉത്പാദനം കുറവാണ്. കൂടുതൽ തെങ്ങുകൾ ടോഡി ബോർഡ് കണ്ടെത്തി ചെത്താനുള്ള സൗകര്യമൊരുക്കും.
തെങ്ങ്, പന തോട്ടങ്ങൾ വളർത്തും
പത്തോ പന്ത്രണ്ടോ ഡയറക്ടർമാർ അടങ്ങിയതാണ് ടോഡി ബോർഡ്
പദ്ധതികൾ ആവിഷ്കരിക്കുന്നതും നടപ്പാക്കുന്നതും ബോർഡ് ആയിരിക്കും
അത്യുത്പാദന ശേഷിയുള്ള വൃക്ഷത്തോട്ടം വച്ചുപിടിപ്പിക്കും
പുറമ്പോക്കുകളിലടക്കം തെങ്ങും പനയും കൃഷി ചെയ്യും
കള്ള്ഷാപ്പിന് സ്ഥിരം കെട്ടിടങ്ങൾ നിർമ്മിക്കും
ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ആധുനിക കള്ളുഷാപ്പുകൾ
പ്രാദേശിക സഹ.സംഘങ്ങളെ സഹായിക്കാൻ അപ്പെക്‌സ് ബോഡി
അര ലക്ഷത്തിലേറെ ലിറ്റർ വേണം
5194: കള്ള് ഷാപ്പുകൾ
12000: ചെത്ത് തൊഴിലാളികൾ
40000 ലിറ്റർ: ഒരു ദിവസത്തെ ഉത്പാദനം
50000 ലിറ്ററിൽ കൂടുതൽ വേണം ഒരു ദിവസം
140 രൂപ: ഒരു ലിറ്ററിന്റെ വില
80-100 രൂപ: തൊഴിലാളിയുടെ കൂലി
ഉത്പാദനം കൂടുതൽ: പാലക്കാട്, കണ്ണൂർ, കാസർകോട്, ആലപ്പുഴ, എറണാകുളം
`ടോഡി വ്യവസായ ബോർഡ് നിലവിൽ വരുന്നതോടെ തൊഴിലാളികൾക്കും ഷാപ്പുടമകൾക്കും നേട്ടങ്ങളേറെയാണ്. വ്യാജക്കള്ള് തടയാം. വ്യവസായത്തിന് പുതുജീവൻ പകരും.'
-കെ. ഗിരീഷ് കുമാർ
സംസ്ഥാന നിർവാഹക സമിതി അംഗം
കള്ള് ചെത്ത് വ്യവസായ തൊഴിലാളി ഫെഡറേഷൻ