തലശ്ശേരി: കതിരൂർ ശ്രീനാരായണ ഗുരു സ്മാരക മന്ദിരം രജതജൂബിലി ആഘോഷിക്കുന്നു. ആഘോഷ പരിപാടികളുടെ ഔപചാരികമായ ഉദ്ഘാടനം ശനിയാഴ്ച രാവിലെ എസ്.എൻ.ഡി.പി യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് നിർവഹിക്കും: അനുബന്ധമായി ക്ഷേമപ്രവർത്തനങ്ങൾ സംഘടിപ്പിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ദാരിദ്ര്യ ലഘൂകരണത്തിന് സഹായകരമാവുന്ന ആട് ഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം ഉച്ചക്ക് 2.30 ന് അഡ്വ. എ.എൻ.ഷംസീർ എം.എൽ.എ.നിർവഹിക്കും. തലശ്ശേരി ജ്ഞാനോദയ യോഗം ഭരണ സമിതിയിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്കും തുടർവിദ്യാഭ്യാസ കേന്ദ്രത്തിൽ നിന്നും തുല്യതാ പരീക്ഷ വഴി പ്ലസ് ടു വിജയം നേടിയവർക്കും ചടങ്ങിൽ അനുമോദനം നൽകും. 1971ലെ ഇന്ത്യ-പാകിസ്ഥാൻ യുദ്ധത്തിൽ വീരമൃത്യു വരിച്ച കണ്ട്യൻ ശങ്കരന്റെ 50ാം ചരമവാർഷിക ദിനമായ വെള്ളിയാഴ്ച രാവിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും നടത്തും. മുരക്കോളി രവീന്ദ്രൻ, കെ. നാണു, കൂലോത്ത് രവീന്ദ്രൻ, കെ.കെ. രാജൻ, പ്രജിത്ത് തെരൂർ, പി.കെ. ബാലകൃഷ്ണൻ പത്രസമ്മേളനത്തിൽ സംബന്ധിച്ചു.