കണ്ണൂർ: അഴീക്കൽ പോർട്ടിന്റെ ഭാഗമായി മാരിടൈം ബോർഡിന് കീഴിലുള്ള കോഴ്‌സുകൾ ആരംഭിക്കും. കേരള മാരിടൈം ബോർഡ് കോഴ്‌സുകളായ ലാസ്‌ക്കർ, സെരാങ്ങ് കോഴ്‌സുകൾ ആരംഭിക്കാൻ കഴിഞ്ഞദിവസം കെ.വി സുമേഷ് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ അഴീക്കൽ പോർട്ടിൽ ചേർന്ന യോഗം നിർദ്ദേശം നൽകി.
മാരിടൈം ബോർഡ് ചെയർമാൻ അഡ്വ. വി.ജെ മാത്യുവിന്റെ സാന്നിദ്ധ്യത്തിലായിരുന്നു യോഗം. തുടർന്ന് മറ്റു മരിടൈം കോഴ്‌സുകളും ആരംഭിക്കാനാണ് തീരുമാനം. പുതിയ കോഴ്‌സുകൾ ആരംഭിക്കുന്നത് ഈ മേഖലയിലെ വിദ്യാർത്ഥികൾക്ക് ഏറെ സഹായകമാകും. കോഴ്‌സ് ആരംഭിക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കാനും യോഗത്തിൽ ധാരണയായി.
അഴീക്കൽ പോർട്ടിൽ വിദേശ ചരക്കകപ്പലുകൾക്ക് നേരിട്ട് സർവീസ് നടത്തുന്നതിന് ആവശ്യമായ ഇ.ഡി.ഐ യുടെ കസ്റ്റംസ് ഓഫീസിന്റെ പ്രവർത്തന പുരോഗതി ചെയർമാൻ നേരിട്ട് വിലയിരുത്തി. ഓഫീസിന്റെ നിർമ്മാണപ്രവൃത്തി അന്തിമഘട്ടത്തിലാണ്. ഈ മാസം അവസാനത്തോടു കൂടി പ്രവൃത്തി പൂർത്തിയാക്കും.
കടവുകളിൽ നിന്ന് മണൽ ഏടുക്കുന്നത് സംബന്ധിച്ച കാര്യങ്ങളും യോഗം പരിശോധിച്ചു. ഓരോ കടവിലെയും കണക്ക് എല്ലാ ദിവസവും പരിശോധിച്ച് കൃത്യമായി ക്രമപ്പെടുത്താനും യോഗം നിർദേശം നൽകി. പോർട്ട് ഓഫീസർ ക്യാപ്റ്റൻ പ്രദീഷ് നായർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.