പാനൂർ: സോഷ്യലിസ്റ്റ് നേതാവും മുൻമന്ത്രിയുമായ പി.ആർ. കുറുപ്പിന്റെ 21 ാം ചരമവാർഷികം 18 മുതൽ ജനുവരി 17 വരെ ആചരിക്കും. 18ന് രാവിലെ 9 മണിക്ക് പുത്തൂരിലെ സ്മൃതിമണ്ഡപത്തിൽ മുതിർന്ന സോഷ്യലിസ്റ്റ് പത്മജാഭരതൻ ജ്യോതി തെളിയിക്കുന്നതോടെ ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന പരിപാടികൾക്ക് തുടക്കമാവും. പുഷ്പാർച്ചനക്ക് ശേഷം നടക്കുന്ന പി. ആർ അരങ്ങിൽ കെ. കുഞ്ഞിരാമക്കുറുപ്പ് – കെ. ചന്ദ്രശേഖരൻ, പി.എ. ഹാരിസ് – എം.പി. വീരേന്ദ്രകുമാർ അനുസ്മരണ സമ്മേളനം ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ: എം.കെ. പ്രേംനാഥ് ഉദ്ഘാടനം ചെയ്യും.
18ന് പതാകദിനം. 19 മുതൽ കൂത്തുപറമ്പ് നിയോജക മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിലായി 50 പി.ആർ അനുസ്മരണ സോഷ്യലിസ്റ്റ് കുടുംബസംഗമങ്ങൾ നടക്കും. മണ്ഡലതല ഉദ്ഘാടനം 19ന് കരിയാട് കെ.പി. മോഹനൻ എം.എൽ.എ നിർവഹിക്കും. മണ്ഡലത്തിലെ സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെയും ഡയറക്ടർമാരുടെയും കുടുംബസംഗമം 25ന് പുത്തൂർ പി.ആർ ജന്മശതാബ്ദി മന്ദിരത്തിൽ നടക്കും. 26ന് കാലത്ത് 9 മണിക്ക് പാനൂർ പി.ആർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിൽ അഖില കേരള ചിത്രരചനാ മത്സരം ലളിതകലാ അക്കാഡമി വൈസ് ചെയർമാൻ എബി എൻ ജോസഫ് ഉദ്ഘാടനം ചെയ്യും.
28ന് താഴെ കുന്നോത്ത്പറമ്പിൽ തൊഴിലാളി സംഗമം, 31ന് പാനൂരിൽ അദ്ധ്യാപക സംഗമം. ജനുവരി 1ന് വിദ്യാർത്ഥി – യുവജന സംഗമം സെൻട്രൽ പൊയിലൂരിൽ, 7ന് കർഷക സംഗമം ചെറുവാഞ്ചേരിയിൽ നടക്കും. ബാലരംഗം കായികമേള 30നും കലാ – സാഹിത്യ മേള ജനുവരി 8, 9 തീയതികളിലായും പാനൂരിൽ നടക്കും. സമാപന ദിവസമായ ജനുവരി 17ന് വൈകുന്നേരം 3മണിക്ക് പാനൂരിൽ മഹിളാസംഗമം നടക്കും. പി.ആർ. അനുസ്മരണ റാലിയിൽ ദേശീയ സംസ്ഥാന നേതാക്കൾ സംബന്ധിക്കും. വാർത്താസമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ രവീന്ദ്രൻ കുന്നോത്ത്, ജനറൽ കൺവീനർ പി. ദിനേശൻ, എൽ.ജെ.ഡി മണ്ഡലം പ്രസിഡന്റ് എൻ. ധനഞ്ജയൻ, പ്രചാരണ വിഭാഗം ചെയർമാൻ കെ. കുമാരൻ, കൺവീനർ ജയചന്ദ്രൻ കരിയാട് ടി.പി. അനന്തൻ, സി.കെ.ബി തിലകൻ സംബന്ധിച്ചു.