പാപ്പിനിശ്ശേരി: പിലാത്തറ കെ.എസ്.ടി.പി. റോഡരികിലെ ഓവുചാലുകൾക്ക് മൂടിയില്ലാത്തതും സ്ഥാപിച്ച സ്ളാബുകൾ തകർന്ന് കിടക്കുന്നതും അപകട ഭീഷണി ഉയർത്തുന്നു. റോഡ് നിർമ്മാണത്തിന്റെ വലിയ പ്രത്യേകതയായി കൊട്ടിഘോഷിച്ച ഇരുഭാഗത്തേയും ഓവുചാലുകൾ ഉദ്ഘാടനം കഴിഞ്ഞ് മൂന്ന് വർഷം കഴിഞ്ഞിട്ടും പൂർണമായി യാഥാർത്ഥ്യമാക്കിയില്ല. സ്ഥാപിച്ച ഓവുചാലുകൾ പലയിടത്തും തുറന്നുകിടക്കുകയാണ്.
ഓവുചാലുകൾക്ക് മീതെ സ്ലാബിടാതെ അപകട കെണിയൊരുക്കിയതിനെതിരെ മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടിരുന്നു. തുടർന്ന് ഉടൻതന്നെ ഓവുചാലുകൾക്ക് സ്ലാബിടുമെന്ന് പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ കമ്മീഷനെ രേഖാമൂലം അറിയിക്കുകയും ചെയ്ത് മാസങ്ങൾ കഴിഞ്ഞിട്ടും ഒരു നടപടിയും ഉണ്ടായില്ല. എത്രയും വേഗം സ്ലാബുകൾ സ്ഥാപിച്ച് അപകടങ്ങൾ ഒഴിവാക്കണമെന്ന് കമ്മീഷൻ ജൂഡീഷ്യൽ അംഗം കെ. ബൈജു നാഥ് സെപ്തംബർ മാസം ഇറക്കിയ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.