പയ്യന്നൂർ: നിയമസഭാ പരിസ്ഥിതി കമ്മിറ്റിക്ക് മുമ്പാകെ പരാതി ബോധിപ്പിക്കാൻ ചെന്ന

കെ റെയിൽ സിൽവർ ലൈൻ പ്രതിരോധ സമിതി പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊറ്റി ഗവ :ഗസ്റ്റ് ഹൗസിൽ സിറ്റിംഗിനെത്തിയ സമിതിയുടെ മുന്നിൽ പരാതി കൊടുക്കാനെത്തിയ പ്രതിരോധ സമിതി പ്രവർത്തകരായ കെ.സി. ഹരിദാസ് , അപ്പുക്കുട്ടൻ കാരയിൽ , പത്മനാഭൻ കുന്നരു, കെ.പി. വിനോദ്, വി.കെ. അമർനാഥ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.

പരിസ്ഥിതി വിഷയങ്ങൾ പഠിച്ച് സർക്കാറിന് റിപ്പോർട്ട് നൽകാൻ നിയമസഭാഗംങ്ങളെ ഉൾപ്പെടുത്തി നിയമസഭാ പരിസ്ഥിതി സമിതി കേരളത്തിൽ രൂപം കൊണ്ടതു തന്നെ, മാടായിപ്പാറ സംരക്ഷിക്കാനുള്ള പരാതിയുടെ അടിസ്ഥാനത്തിലാണെന്നും ഇങ്ങനെയൊരു സമിതിക്കു മുന്നിൽ വൻ പാരിസ്ഥിതിക പ്രത്യാഘാതമുണ്ടാക്കുന്ന കെ റെയിൽ പദ്ധതിക്കെതിരെ പരാതിപ്പെടാൻ പോലും ജനങ്ങളെ അനുവദിക്കാത്ത നടപടി തികച്ചും ജനാധിപത്യ വിരുദ്ധമാണെന്നും സമിതി പ്രവർത്തകർ പറഞ്ഞു. ജനാധിപത്യവിരുദ്ധ നടപടിയിൽ പ്രതിഷേധിച്ച് സിൽവർ ലൈൻ പ്രതിരോധ സമിതി പ്രവർത്തകർ പയ്യന്നൂരിൽ പ്രകടനം നടത്തി. എൻ. സുബ്രഹ്മണ്യൻ, വിനോദ് കുമാർ രാമന്തളി, പി.എം. ബാലകൃഷ്ണൻ, നിശാന്ത് പരിയാരം, പി. മുരളീധരൻ നേതൃത്വം നൽകി.