തൃക്കരിപ്പൂർ: മൂന്നു പതിറ്റാണ്ടുകാലത്തോളം ഇന്ത്യയുടെ അതിർത്തി കാത്ത യോദ്ധാവും
ഇന്ത്യാ ചരിത്രത്തിന്റെ ഭാഗമായ മൂന്ന് യുദ്ധങ്ങളിൽ പങ്കെടുത്ത് സൈനിക സേവനം ഒരു തപസ്യയാക്കി മാറ്റിയ ഹോണററി ലഫ്റ്റനന്റ് വൈക്കത്തെ കെ. കുഞ്ഞമ്പുവിന് നാടിന്റെ അന്ത്യാഞ്ജലി. ഹൈസ്‌ക്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ ഉടനെ രാജ്യസേവന തൽപ്പരനായ ഇദ്ദേഹം ഒരു പട്ടാളക്കാരനാവുക എന്ന ഉറച്ച ആഗ്രഹത്തോടെ പയ്യന്നൂർ കാങ്കോലിലെ ' ലോകസഹായ സേനാ ക്യാമ്പിൽ പരിശീലനത്തിന് ചേർന്നു.
1961 ൽ ഇന്ത്യൻ സേനയിലെത്തിയ കുഞ്ഞമ്പുവിന് മഹാരാഷ്ട്രയിലെ നാസിക് റോഡിലെ ട്രെയിനിംഗ് ക്യാമ്പിൽ ഒരു വർഷത്തെ പരിശീലനത്തിനു ശേഷം അമ്പാലയിലെ 5 റെജിമെന്റിൽ നിയമനം ലഭിച്ചു. 1962 ലെ ചൈന യുദ്ധം . 'ഓപ്പറേഷൻ അഭിലാഷ് ' യുദ്ധത്തിൽ പങ്കെടുത്ത 45 എ.ഡി റെജിമെന്റിലെ എയർ ഡിഫെൻസ് മെമ്പറായിരുന്നു ഇദ്ദേഹം. 1965ൽ പഞ്ചാബിലെ സുവർണ്ണ ക്ഷേത്രം തകർക്കുക എന്ന ലക്ഷ്യത്തോടെ പാക് സൈന്യം പഞ്ചാബിലേക്ക് നുഴഞ്ഞു കയറിയ സമയത്ത് ഇന്ത്യൻ മിലിട്ടറിയുടെ 45 എ.ഡി റെജിമെന്റാലായിരിക്കെയാണ് പാക്കിസ്ഥാൻ ആക്രമണത്തെ നേരിട്ടത്. വ്യോമസേനയുടെ സുരക്ഷാ ഡ്യൂട്ടിയിലായിരുന്നു സുബേദാർ കുഞ്ഞമ്പു. അന്ന് അദ്ദേഹം ഉൾപ്പെട്ട സംഘം 17 പാകിസ്ഥാൻ ഫൈറ്റർ ബോംബർ വിമാനങ്ങൾ തകർത്തിട്ടു. ഇന്ത്യൻ സൈന്യത്തിന്റെ ഈ സൈനിക നടപടി ഒരു ചരിത്ര സംഭവമായി മാറി. ഈ യുദ്ധത്തിന്റെ ചരിത്രം ഇന്ത്യാ ഗേറ്റിൽ ഹ്രസ്വമായി ആലേഖനം ചെയ്തിട്ടുണ്ട്. 1971ലെ ഇന്ത്യ-പാക് യുദ്ധമാണ് അദ്ദേഹം നേരിട്ട് പങ്കെടുത്ത മറ്റൊരു ചരിത്രയുദ്ധം. ഈ യുദ്ധത്തിൽ 45 എ.ഡി റെജിമെന്റിന്റെ സെക്ഷൻ കമാൻഡറായി അദ്ദേഹം നിയോഗിക്കപ്പെട്ടു. പഞ്ചാബിലെ റാബിൻ നദി കടന്ന് പാകിസ്ഥാൻ അതിർത്തിയിലെത്തി ശത്രുക്കളെ തുരത്തിയ ധീര
സൈനികനാണ്. സമ്മർ സേവ് സ്റ്റാർ, മിലിട്ടറി സർവീസ് മെഡൽ, വെസ്റ്റേൺ സ്റ്റാർ, രക്ഷാ മെഡൽ എന്നിവ ചിലത് മാത്രം. 1988ൽ വിരമിക്കുമ്പോൾ, 'കില്ലർ ഓഫ് ദി ഫൈറ്റർ ബോംബർ' എന്ന പേരിൽ ഇന്ത്യൻ രാഷ്ട്രപതി അദ്ദേഹത്തിന് ഗുഡ് സർവീസ് സർട്ടിഫിക്കറ്റ് നൽകിയിരുന്നു.