തൃക്കരിപ്പൂർ: ഒരു മുന്നറിയിപ്പുമില്ലാതെ പൊതുവിതരണ കേന്ദ്രമടക്കം വിവിധ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന ഇരുനില കെട്ടിടം പൊളിച്ചു മാറ്റാനായി ഉടമയുടെ ശ്രമം. രണ്ടാം നിലയിലെ ഓടുകൾ എടുത്തുനീക്കി. കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്ഥാപന ഉടമകൾ പ്രതിഷേധവുമായി രംഗത്തെത്തി. വിവരമറിഞ്ഞ് താലൂക്ക് സപ്ലൈ ഓഫീസർ കെ.എം. ബിന്ദുവും സ്ഥലത്തെത്തി.
റേഷൻ ഷോപ്പ് ലൈസൻസി സി. രഞ്ജിത് പൊലീസിൽ പരാതി നൽകി. തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത് കാര്യാലയത്തിന് പരിസരത്തെ താഴെയും മുകളിലുമായി എട്ടു വീതം മുറികളുള്ള പഴയ കെട്ടിടമാണ് വ്യാപാരികളെ ഒഴിപ്പിക്കാതെ പൊളിച്ചു നീക്കാൻ നീക്കം ആരംഭിച്ചത്. മുന്നറിയിപ്പ് നോട്ടീസൊന്നും നൽകാതെ മറ്റൊരു കെട്ടിടത്തിലേക്ക് മാറാൻ സാവകാശം നൽകാതെ കെട്ടിട ഉടമ ബലം പ്രയോഗിക്കുകയാണെന്ന് വ്യാപാരികൾ ആരോപിക്കുന്നു.
84 നമ്പർ റേഷൻ ഷോപ്പ്, ക്ഷീര വ്യവസായ സഹകരണ സംഘം, ജ്യോതിഷാലയം, ഹോട്ടൽ, വെൽഡിംഗ് വർക്ക് ഷോപ്പ് തുടങ്ങിയവ ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്നുണ്ട്.
മഴേ ചതിക്കല്ലേ..
റേഷൻ ഷോപ്പിൽ അരി, ഗോതമ്പ് തുടങ്ങിയ ധാന്യങ്ങളുടെ സ്റ്റോക്ക് നിറഞ്ഞു നിൽക്കുകയാണെന്നും ഉടമ അറിയിച്ചു. മുകളിലത്തെ നിലയുടെ ഓടുകൾ നീക്കം ചെയ്തതിനാൽ മഴ പെയ്യാൻ ഇടയായാൽ ഈ പഴയ കെട്ടിടം പാടെ നിലം പതിക്കുമെന്ന ആശങ്കയും വ്യാപാരികൾ അറിയിച്ചു.
കെട്ടിട ഉടമയുമായി എഗ്രിമെന്റ് ഉണ്ടാക്കിയ ശേഷമാണ് സ്ഥാപനം പ്രവർത്തിക്കാൻ തുടങ്ങിയത്. എഗ്രിമെന്റ് കാലാവധി കഴിയാതെയാണ് ഒരു മുന്നറിയിപ്പുമില്ലാതെ കെട്ടിടം പൊളിച്ചു മാറ്റാൻ തുടങ്ങിയത്. അവിചാരിതമായി മഴ പെയ്യാൻ ഇടയായാൽ ആയിരക്കണക്കിന് രൂപയുടെ ഉൽപ്പന്നങ്ങൾ വെള്ളത്തിലാകുന്ന അവസ്ഥയിലാണുള്ളത്.
സി. രഞ്ജിത്ത്, റേഷൻ ഷോപ്പ് ഉടമ