നീലേശ്വരം: മുഖ്യമന്ത്രി പിണറായി വിജയനെ വരവേൽക്കാൻ നീലേശ്വരം ഒരുങ്ങി. ഫ്ലക്സുകളും ബാനറുകളും മിക്ക ഇടങ്ങളിലും സ്ഥാപിച്ചിരിക്കുകയാണ്. നിരവധി കർഷക സമരങ്ങൾക്ക് സാക്ഷ്യം വഹിച്ച പാലായിയിലെ പണി പൂർത്തിയായ പാലായി റെഗുലേറ്റർ കം ബ്രിഡ്ജ് 26 ന് രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും.

ഉദ്ഘാടന വേദിയായ പാലായി വയലിൽ ഇതിനുള്ള ഒരുക്കങ്ങൾ നടന്നുവരുന്നു. ഉദ്ഘാടന പരിപാടി വിജയിപ്പിക്കുന്നതിന് നാട്ടുകാരുടെ വിവിധ സബ് കമ്മിറ്റികളൂം പ്രവർത്തിച്ച് വരുന്നുണ്ട്. 2018 ഒക്ടോബറിലാണ് പാലായി റെഗുലേറ്റർ കം ബ്രിഡ്ജിന്റെ പ്രവൃത്തി ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവ്വഹിച്ചത്. പിന്നീടുണ്ടായ രണ്ട് വർഷത്തെ പ്രളയകാലവും, അതിന് ശേഷം വന്ന കൊവിഡ് മഹാമാരിക്കിടയിലും പാലത്തിന്റെ പണി യുദ്ധകാലാടിസ്ഥാനത്തിലാണ് കരാറുകാരായ എറണാകുളത്തെ പൗലോസ് ജോർജ് കമ്പനി ഏറ്റെടുത്ത് പൂർത്തീകരിച്ചത്.

65 കോടി രൂപ ചെലവിൽ നബാർഡിന്റെ സാമ്പത്തിക സഹായത്തോടെയാണ് റെഗുലേറ്റർ കം ബ്രിഡ്ജിന്റെ പണി പൂർത്തീകരിച്ചത്. നീലേശ്വരം നഗരസഭയെ കൂടാതെ കയ്യൂർ-ചീമേനി, കിനാനൂർ കരിന്തളം പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാനും കാർഷികാഭിവൃദ്ധി മെച്ചപ്പെടുത്താനുമാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. കൂടാതെ ജില്ല ആസ്ഥാനത്തേക്ക് എളുപ്പത്തിൽ എത്താനും ഇത് തുറക്കുന്നതിലൂടെ സാധിക്കും. കൂടാതെ ടൂറിസം മേഖലയ്ക്കും വലിയ ഉണർവാകും.