vahaf
vahaf

സ്വാധീനവും തങ്ങൾ നിയമിച്ച ജീവനക്കാരുടെ സഹായവുമുപയോഗിച്ച് വഖഫ് സ്വത്തുക്കൾ കുടുംബസ്വത്താക്കുന്നു

കണ്ണൂർ : അന്യാധീനപ്പെട്ട വഖഫ് സ്വത്തുക്കൾ വീണ്ടെടുക്കാൻ നടപടി വേണമെന്ന് ഐ. എൻ. എൻ. സംസ്ഥാന സെക്രട്ടറി കാസിം ഇരിക്കൂർ ആവശ്യപ്പെട്ടു. വഖഫ് സ്വത്തുക്കൾ കുത്തകയാക്കിയ രാഷ്ട്രീയ പാർട്ടിയുടെ ചില നേതാക്കൾ സ്വാധീനവും ജീവനക്കാരുടെ രഹസ്യസഹായവും ഉപയോഗപ്പെടുത്തി കുടുംബസ്വത്തായോ പാർട്ടിയുടെ ആസ്തിയായോ മാറ്റിയെടുത്ത് സമുദായത്തോട് കൊടുംവഞ്ചനയാണ് കാട്ടുന്നതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു . കഴിവും പ്രാപ്തിയും പ്രതിബദ്ധതയുമുള്ള ഉദ്യോഗസ്ഥർ വഖഫ് ബോർഡിൽ നിയമിക്കപ്പെടുന്നതോടെ തങ്ങളുടെ അവിഹിത ഇടപെടൽ അസാദ്ധ്യമാകുമെന്നും ഇതുവരെ നടത്തിയ വെട്ടിപ്പുകൾ കണ്ടുപിടിക്കപ്പെടുമെന്നും ഒന്നാണ് പി.എസ്.സി വഴിയുള്ള നിയമനങ്ങൾക്കെതിരെ ഇവർ കലാപം കൂട്ടുന്നത് .

ഓരോ ജില്ലയിലും മഹല്ല് അടിസ്ഥാനത്തിൽ ജനകീയ കൂട്ടായ്മയുണ്ടാക്കി അന്യാധീനപ്പെട്ട വസ്തുകൾ കണ്ടുപിടിച്ച് വഖഫ് ബോർഡിന് തിരിച്ചേൽപിക്കാനുള്ള ശ്രമങ്ങൾക്കും അതിനു വേണ്ടിയുള്ള കാമ്പയിനും ഐ.എൻ.എൽ നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു . ഒരു വിഭാഗം ലീഗുകാർ തളിപ്പറമ്പ് മഹല്ല് വഖഫ് സ്വത്ത് സംരക്ഷണ സമിതി ഉണ്ടാക്കി പ്രക്ഷോഭത്തിനിറങ്ങിയിട്ടും വഖഫ് ബോർഡും റീജിയണൽ ഓഫീസും കണ്ടില്ലെന്ന് നടിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി . ഐ.എൻ.എൽ വർക്കിംഗ് പ്രസിഡന്റ് ബി . ഹംസ ഹാജി , സംസ്ഥാന സെക്രട്ടറി എ.എ ലത്തീഫ് ,ജില്ല പ്രസിഡൻറ് മഹമൂദ് പറക്കാട്ട് , ജന.സെക്രട്ടറി താജുദ്ദീൻ മട്ടന്നൂർ എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു .