
ഓരോ പരിസ്ഥിതി ദിനത്തിലും ചടങ്ങുപോലെ കോറളായി ദ്വീപിൽ നടക്കാറുള്ള ഒരു ഉൽസവമുണ്ട്. അത് കണ്ടൽ തൈ നടലാണ്. പൊതുപ്രവർത്തകരും നാട്ടുകാരും ജില്ലാ അധികൃതരും ചേർന്ന് വൃക്ഷതൈ നടൽ ഒരു മഹോൽസവമായി മാറ്റും. അതു കഴിഞ്ഞ് സ്ഥലം വിടും. തൈ വളരുന്നുണ്ടോ കരിയുന്നുണ്ടോ എന്നൊന്നും അവർക്ക് അറിയേണ്ട കാര്യമില്ല. അത് അവരുടെ കണക്കുപുസ്തകത്തിൽ വരുന്ന കാര്യവുമല്ല. അതിനും കാരണമുണ്ട്. ഈ ദ്വീപിൽ കഴിയുന്നവർ ദളിത്, പിന്നാക്ക വിഭാഗത്തിൽ പെട്ടവരാണ്. അതുകൊണ്ട് തന്നെ അവരെ കര കയറ്റണമെന്ന മോഹം അധികൃതർക്കൊന്നും കാണുകയില്ല.
അരനൂറ്റാണ്ടായി തുടരുന്നതാണ് മയ്യിൽ പഞ്ചായത്തിലെ കോറളായി ദ്വീപിലെ ദുരിതം. മഴയൊന്നു പെയ്താൽ ദ്വീപ് നിവാസികളുടെയുള്ളിൽ തീയാണ്. പുറംലോകവുമായി ബന്ധപ്പെടാൻ കഴിയാതെ അക്ഷരാർത്ഥത്തിൽ തുരുത്തിൽപെട്ടതു പോലുള്ള അവസ്ഥ. പുഴ തിന്ന് തിന്ന് തീരാറായ കോറളായിയെ രക്ഷപ്പെടുത്താൻ കടലിൽ കല്ലിട്ടതു പോലെ എന്തൊക്കെയോ ചെപ്പടി വിദ്യകൾ പരീക്ഷിച്ചുവെന്നു മാത്രം. പക്ഷെ അവയൊക്കെ ഇവരുടെ ദുരിതമകറ്റാൻ പര്യാപ്തമല്ല.
മഴ വരുന്നതിനു മുമ്പ് ഇരുട്ട് കൊണ്ട് ഓട്ടയടക്കുന്ന വിദ്യകൾ ഇതിനകം കോടികൾ മുടിച്ചു. ഓരോ പെരുമഴക്കാലത്തും നിരവധി തവണ കോറളായിയിലെ ദുരിതങ്ങൾ കേൾക്കുമ്പോൾ ഉടൻ ചാടിക്കെട്ടി ജില്ലാ ഭരണകൂടം ഇറങ്ങും. പക്ഷെ എന്നിട്ടും ഇവരുടെ ദുരിതം തീരുന്നില്ല.
ചുറ്റിലും സംഹാരതാണ്ഡവമാടുന്ന പുഴയ്ക്ക് നടുവിൽ ജീവൻ പണയംവച്ച് കഴിയുന്ന നൂറ്റമ്പതോളം കുടുംബങ്ങളെ തിരിഞ്ഞുനോക്കാൻ ഇവിടെ ആരുമില്ല.
സർക്കാരിന്റെ സഹായം കാത്ത് മടുത്തപ്പോൾ നാട്ടുകാർ തന്നെ രംഗത്തിറങ്ങി. രാത്രിയിൽ പുഴ കയറി ജീവൻ തന്നെ ഒലിച്ചു പോകുമെന്ന ഭീതിയിലാണ് നാട്ടുകാർ കൈകോർത്തത്. പുഴയുടെ ഭിത്തികളിൽ തെങ്ങിന്റെയും കവുങ്ങിന്റെയും കഷണങ്ങൾ ജെ.സി.ബി ഉപയോഗിച്ച് അടിച്ചിറക്കി. ദിവസങ്ങൾ നീണ്ട അദ്ധ്വാനത്തിൽ അമ്പതോളം പേർ പങ്കെടുത്തു. സാമ്പത്തികസഹായവും മറ്റും അവർ സ്വന്തം കൈയിൽ നിന്നു കണ്ടെത്തി. 30,000 രൂപയാണ് ഇതിന് ചെലവായത്. എല്ലാവരും കൂലിപ്പണിയെടുത്ത് കഴിയുന്നവരാണ് . പുഴ കയറിയാൽ പിന്നെ പണിക്കു പോകാനും കഴിയില്ല.
കോറളായി പാലത്തിന്റെ മണ്ണ് അശാസ്ത്രീയമായ രീതിയിൽ പുഴയിൽ അടിഞ്ഞുകൂടിയതാണ് കരയിടിച്ചലിന് കാരണമായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്.
തോൽപ്പിക്കാനാവില്ല ഈ പെൺകരുത്തിനെ
നാട്ടുകാരും ജില്ലാ ഭരണകൂടവും ശ്രമിച്ച് കണ്ണീരൊപ്പാൻ കഴിയാത്ത കോറളായിയെ മൂന്ന് പെൺകുട്ടികളങ്ങ് ഏറ്റെടുത്തു എന്നതാണ് പുതിയ വിഷയം. അതും ഈ ദ്വീപിൽ ദുരിതം തിന്ന് കഴിഞ്ഞ ഇവിടുത്തെ മൂന്ന് പെൺകുട്ടികൾ. പുഴയെടുക്കുന്ന ദ്വീപിൽ നിന്നു പെണ്ണുകെട്ടാൻ മടിക്കുന്ന പുരുഷ കേസരികൾ പോലും തോറ്റുപോകും ഈ പെൺകരുത്തിന് മുന്നിൽ. സാധാരണ പരിസ്ഥിതി വഴിപാടുകൾക്ക് പകരം ഈ പെൺകൂട്ടായ്മ തീർത്തത് സമർപ്പണം തന്നെയായിരുന്നു.
സ്വന്തം ദുരിതങ്ങളിൽ നിന്ന് പാഠം ഉൾക്കൊണ്ടാണ് ദ്വീപ് നിവാസികളായ മൂന്നംഗ പെൺസംഘം ജൈവകവചമൊരുക്കാനായി പുറപ്പെട്ടത്. മയ്യിൽ അഥീന നാട്ടറിവ് വീട് നാടകവേദി പ്രസിഡന്റ് ദിൽന കെ .തിലകും പ്രവർത്തക സമിതി അംഗങ്ങളായ ശ്രീത്തു ബാബുവും ആതിര രമേശുമാണ് അവർ .
കഴിഞ്ഞ ഒരു വർഷത്തിലേറെയായി ഒരു നാടിന്റെ കണ്ണീരൊപ്പാനുള്ള പരീക്ഷണങ്ങളിലായിരുന്നു അവർ. കണ്ടൽതൈകൾ ശാസ്ത്രീയമായി നട്ടുപിടിച്ചാണ് കോറളായിയിലെ കരയിടിച്ചിൽ ഇവർ ഇല്ലാതാക്കുന്നത്.
കണ്ണൂരിന്റെ കണ്ടൽ സമൃദ്ധി
കണ്ണൂർ കണ്ടലുകൾക്ക് പേരു കേട്ടതാണ്. സംസ്ഥാനത്തെ കണ്ടൽക്കാടുകളിൽ നാല്പതുശതമാനത്തിലേറെയും കണ്ണൂർ ജില്ലയിലാണ്.
ഇന്ത്യയിലെ കണ്ടൽവനങ്ങളെ കുറിച്ചുപഠിച്ച ദേശീയകമ്മറ്റി 32 കണ്ടൽമേഖലകളാണ് അടിയന്തരമായി സംരക്ഷിക്കപ്പെടേണ്ടവയായി കണ്ടെത്തിയത്. അതിൽ ഏറ്റവും പ്രധാനം കണ്ണൂരിലേതായിരുന്നു.
കഴിഞ്ഞ കുറെ വർഷത്തിനിടെ ജില്ലയുടെ പല ഭാഗങ്ങളിലായി നൂറേക്കറിലേറെ കണ്ടൽക്കാടുകളാണ് വെട്ടിയും തീവെച്ചും ചതുപ്പുനിലം നികത്തിയും മാലിന്യക്കൂമ്പാരങ്ങൾ നിറച്ചും നശിപ്പിച്ചതായി കണക്കാക്കപ്പെടുന്നത്. ദ്വീപിന്റെ മണ്ണിടിച്ചിൽ തടയുന്നതിനൊപ്പം കണ്ടൽ സമൃദ്ധിയുടെ സംരക്ഷണം കൂടിയാണ് ഈ കുട്ടികൾ ലക്ഷ്യമിടുന്നത്.
കണ്ടൽകാടുകൾ സംരക്ഷിക്കുകയും അവ നശിപ്പിച്ചാലുള്ള ഭവിഷ്യത്തുകളെപ്പറ്റി ബോധവത്‌കരണം നടത്തുകയും ചെയ്തിരുന്ന ഒരു പരിസ്ഥിതി പ്രവർത്തകനായിരുന്നു കണ്ണൂരിലെ കല്ലേൻ പൊക്കുടൻ.യുനെസ്‌കോയുടെ പാരിസ്ഥിതികപ്രവർത്തന വിഭാഗം കണ്ടൽക്കാടുകളുടെ സംരക്ഷണത്തിൽ പൊക്കുടന്റെ സംഭാവനകൾ പരാമർശിച്ചിട്ടുണ്ട്. കേരളത്തിൽ ഒരു ലക്ഷത്തോളം കണ്ടൽത്തൈകളാണു അദ്ദേഹം നട്ടത്. കണ്ടലിനെക്കുറിച്ചറിയാൻ വിദേശരാജ്യങ്ങളിൽ നിന്നുപോലും പരിസ്ഥിതിപ്രവർത്തകരും ഗവേഷകരും പൊക്കുടനെത്തേടി വന്നിരുന്നു.
അദ്ദേഹം ഏഴോം പഞ്ചായത്തിൽ 500 ഏക്കർ സ്ഥലത്ത് കണ്ടൽ വനങ്ങൾ വച്ചുപിടിപ്പിച്ചിട്ടുണ്ട്. കണ്ടൽ വെട്ടുന്നവർക്കു കടുത്ത ശിക്ഷ ഉറപ്പു വരുത്തുന്ന കോടതി വിധി സമ്പാദിക്കാനും പൊക്കുടന്റെ നേതൃത്വത്തിൽ പരിസ്ഥിതി പ്രവർത്തകർക്കു കഴിഞ്ഞു. ഈ കൂട്ടായ്മയിലെ അംഗങ്ങളായ ദിൽന കെ .തിലകിനും ശ്രീത്തു ബാബുവിനും ആതിര രമേശിനും ഊർജം പകർന്നതും കണ്ണൂരിന്റെ ഈ കണ്ടൽ കരുത്ത് തന്നെയാണ്.
ദ്വീപ് ചുരുങ്ങി അഞ്ചിലൊന്നായി
കരയിടിച്ചിൽ മൂലം പത്തുവർഷം കൊണ്ട് ദ്വീപിന്റെ വിസ്തൃതി അഞ്ചിലൊന്നായാണ് ചുരുങ്ങിയത്. അറുപതോളം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. 275 ഏക്കറുള്ള ഈ ഭൂമി 50 ഏക്കറോളം പുഴ കവർന്നു കഴിഞ്ഞു.
ശക്തമായ കരയിടിച്ചിൽ ദ്വീപിന്റെ നിലനില്പ്പിനെ ബാധിക്കുന്ന അവസ്ഥയിലാണ് ഇക്കാര്യം മയ്യിൽ അഥീന നാടക നാട്ടറിവ് വീട് എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ ശ്രദ്ധയിൽപെടുന്നത്. കമ്മിറ്റിയുടെ തീരുമാനപ്രകാരം കരയിടിച്ചിൽ തടയുന്നതിനായി തുടർപഠനം നടത്തുകയും കണ്ടൽ പ്രദേശങ്ങളിലേക്ക് പഠനയാത്ര സംഘടിപ്പിക്കുകയും ചെയ്തു.നാടകപ്രവർത്തകരായ കരിവെള്ളൂർ മുരളി രക്ഷാധികാരിയും ജിജു ഒറപ്പടി ആർട്ടിസ്റ്റിക് ഡയറക്ടറുമായിട്ടുള്ള കൂട്ടായ്മയാണ് ഇവർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകി വരുന്നത്.
കോറളായി ദ്വീപിന് ഹരിത കവചം ഒരുക്കുന്നതിന്റെ ഭാഗമായി കണ്ടൽ നഴ്‌സറി കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തിരുന്നു. ജനുവരി മൂന്നാം വാരം പാകമായ കണ്ടലുകൾ കൃത്യമായ വേലിയിറക്കമുള്ള സമയത്ത് ഇവിടെ നട്ടുപിടിപ്പിക്കും. ദ്വീപിലെ സാംസ്‌കാരിക സ്ഥാപനങ്ങൾ, കുടുംബശ്രീ തുടങ്ങി എല്ലാവരുടെയും പങ്കാളിത്തത്തോടെ അഞ്ചു വർഷം കൊണ്ട് ജൈവഭിത്തി പൂർണമാക്കാനുള്ള ശ്രമത്തിലാണ് ഇവർ. പഠനത്തിനൊപ്പം ജൈവസംരക്ഷണ പ്രവർത്തനങ്ങൾക്ക് സമയം കണ്ടെത്തുന്ന ഈ പെൺകരുത്തിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല.