ഉദുമ: 20 വർഷം മുമ്പ് ദൂരദർശനിൽ കണ്ട കരകൗശലനിർമ്മാണ വിദ്യയെ ജീവിതോപായമാക്കിയ മുത്തശ്ശി നാടിനൊട്ടാകെ പ്രചോദനം പകരുന്ന കാഴ്ചയുണ്ട് ഉദുമയ്ക്കടുത്തുള്ള കീഴൂരിൽ. ഉപയോഗശൂന്യമായ തുണികളെ മനോഹരമായ പരവതാനികളാക്കി 74ാം വയസിലും സ്വന്തം നിലയിൽ വരുമാനമുണ്ടാക്കി ജീവിക്കുന്ന ഇവർ ഈ നാടിനൊന്നാകെ മാതൃകയാണ്.
പഴയ പോളിസ്റ്റർ സാരികളും ടീഷർട്ടുകളും മുറിച്ച് ഭംഗിയും ഈടുമുള്ള ചവിട്ടികളാക്കി മാറ്റുകയാണ് ഇവർ. ജാനുവമ്മയുടെ കരവിരുതിനെക്കുറിച്ചറിഞ്ഞ് ആവശ്യക്കാർ വീട്ടിലെത്തി ഇവ വാങ്ങിക്കൊണ്ടുപോവുകയാണിന്ന്. . ജീവിതസായാഹ്നത്തിൽ പരാശ്രയം കൂടാതെ മരുന്നിനും അത്യാവശ്യ വീട്ടചെലവുകൾക്കുമുള്ള മാർഗമായി ഈ മുത്തശ്ശിക്ക് ചവിട്ടിനിർമാണം ഉപകാരപ്പെടുന്നുണ്ട്. എട്ടുവർഷമായി നിരവധി ആളുകളാണ് ഇവരുടെ കരവിരുതിനെത്തേടിയെത്തുന്നത്.
ചെറുപ്പത്തിൽ ബീഡിതെറുപ്പായിരുന്നു ജോലി. അതിനിടയിൽ കമ്പിളിനൂലുകൊണ്ട് തൊപ്പിയും ഷാളും ഉണ്ടാക്കുമായിരുന്നു. പഴംതുണി കൊണ്ടുള്ള ചവിട്ടി നിർമ്മിച്ച് തുടങ്ങിയത് കൗതുകത്തിനായിരുന്നെങ്കിലും ഇന്ന് പ്രധാന വരുമാനമാർഗമാണെന്ന് ജാനുവമ്മ പറയുന്നു.സ്ത്രീകൾ പ്രസവാനന്തരം കഴിക്കുന്ന ലേഹ്യം നിർമിക്കുന്നതിലും വിദഗ്ധയാണ് ജാനുവമ്മ. മേൽപറമ്പ് നിർമാണത്തൊഴിലാളിയായ ഇളയമകൻ മോഹനനും കുടുംബത്തിനുമൊപ്പമാണ് താമസം.
നിർമ്മാണവിശേഷം
ബന്ധുക്കളും സുഹൃത്തുക്കളും ഒഴിവാക്കുന്ന സാരികളും ടീഷർട്ടുകളും ശേഖരിക്കും
രണ്ടാക്കി മുറിച്ച് വീതികുറച്ച് സൂചി ഉപയോഗിച്ച് നെയ്തെടുക്കൽ
ഇതിനകം നിർമ്മിച്ചത് ആയിരത്തോളം ചവിട്ടികൾ
വില 200 മുതൽ 300 രൂപ വരെ