പയ്യന്നൂർ: പഴയകാല രാജഭരണത്തിന്റെ തിരുശേഷിപ്പുകൾ അവശേഷിപ്പിക്കുന്നതും

കേരള ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന ലിഖിതവുമുള്ള കടന്നപ്പള്ളി വെള്ളാലത്ത് ശിവക്ഷേത്രത്തിലെ തീർത്ഥകുളം പുനർനിർമ്മാണം പൂർത്തിയായി. നൂറ്റാണ്ടുകൾ പഴക്കമുള്ള അപൂർവമായ ശിലാലിഖിതം തൽസ്ഥാനത്തു തന്നെ ഉറപ്പിച്ചാണ്, ക്ഷേത്രം ട്രസ്റ്റി ബോർഡും ക്ഷേത്രോദ്ധാരണ സമിതിയും നാട്ടുകാരുടെ സഹകരണത്തോടെ പരമ്പരാഗത വാസ്തുശിൽപ ശൈലിയിൽ നിർമ്മാണം പൂർത്തിയാക്കിയത്.

കുളത്തിന്റെ സമർപ്പണ ചടങ്ങ് 19,​ 20 തീയതികളിലായി ക്ഷേത്രം തന്ത്രി നടുവത്ത് പുടയൂർ വാസുദേവൻ നമ്പൂതിരിപ്പാടിന്റെ കാർമ്മികത്വത്തിൽ നടക്കും. ക്ഷേത്ര മതിലിനകത്തെ കുളത്തിലെ കിഴക്കേ ചുമരിലാണ് ലിഖിതമുള്ളത്. കൊല്ലവർഷം 458ൽ അന്നത്തെ കോലത്തിരി രാജാവ് ക്ഷേത്രത്തിലെ ഊട്ടിന് വേണ്ടി എന്നെന്നേക്കുമായി ക്ഷേത്രകുളവും കിണറും നിർമ്മിച്ച് ഏട്ടിലെഴുതിച്ചു എന്നാണ് അഞ്ചു വരി ലിഖിതത്തിലുള്ളത്. രാജാവിന്റെ പേര് ലിഖിതത്തിൽ രേഖപ്പെടുത്തിയിട്ടില്ല.

ക്ഷേത്രത്തിൽ അടുത്ത കാലം വരെ ഞാറാഴ്ച ഊട്ട് പതിവുണ്ടായിരുന്നു. കോഴിക്കോട് സർവകലാശാല

മുൻ മലയാള വിഭാഗം മേധാവി ഡോ. ടി.പവിത്രന്റെ നേതൃത്വത്തിലാണ് ലിഖിതം പരിശോധിച്ച് വായിച്ചെടുത്തത്.

കേരള ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന നിർണ്ണായക തെളിവുകൾ ലിഖിതത്തിലൂടെ ലഭിക്കുമെന്ന് ചരിത്രാന്വേഷകർ അഭിപ്രായപ്പെടുന്നത്. എന്നാൽ ഇത് സംബന്ധിച്ച് കൂടുതൽ പഠനം നടന്നിട്ടില്ല. കേരള പുരാവസ്തു - പുരാരേഖാ വകുപ്പ് കണ്ടോന്താറിൽ അടുത്തകാലത്ത് സ്ഥാപിച്ച പ്രാദേശിക ചരിത്രമ്യൂസിയത്തിൽ ക്ഷേത്രത്തിലെ ശിലാലിഖിതം സംബന്ധിച്ച വിവരങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്. ക്ഷേത്രത്തിലേക്ക് പരേതനായ പി. മുകുന്ദൻ നമ്പ്യാരുടെ പേരിൽ സംഭാവനയായി നൽകിയ ചുറ്റുവിളക്ക് സമർപ്പണവും 19 ന് വൈകീട്ട് നടക്കും.