കരിവെള്ളൂർ: ജന്മി നാടുവാഴിത്തത്തിനും സാമ്രാജ്യത്വത്തിനും എതിരായ ധീര രക്തസാക്ഷിത്വത്തിന്റെ ഒരു വർഷക്കാലം നീണ്ടുനിൽക്കുന്ന എഴുപത്തഞ്ചാം വാർഷിക ദിനാചരണ പരിപാടികൾക്കു നാളെ തുടക്കമാകും. ദിനാചരണ പരിപാടികൾക്ക് തുടക്കം കുറിച്ചു കൊണ്ട് രക്തസാക്ഷി നഗരിയിൽ ഉയർത്താനുള്ള പതാക പെരളം രക്തസാക്ഷി പുന്നക്കോടൻ കുഞ്ഞമ്പുവിന്റെ സ്മൃതി മണ്ഡപത്തിൽ നിന്ന് അറക്കുളവൻ കുഞ്ഞമ്പു അത് ലറ്റുകൾക്ക് കൈമാറി വൈകിട്ട് 5.30ന് രക്തസാക്ഷി നഗറിൽ സംഘാടക സമിതി ചെയർമാൻ ഇ.പി.കരുണാകരൻ പതാക ഉയർത്തും. തുടർന്ന് 'നവകാലവും മാദ്ധ്യമ സംസ്‌ക്കാരവും ' എന്ന വിഷയത്തിൽ മാദ്ധ്യമ പ്രവർത്തകൻ എം.വി.നികേഷ് കുമാർ പ്രഭാഷണം നടത്തും.
രക്തസാക്ഷി ദിനമായ 20ന് രാവിലെ 7 മണിക്ക് കുണിയൻ സമരഭൂമിയിൽ കെ. നാരായണൻ പതാക ഉയർത്തും. വൈകിട്ട് 4 മണിക്ക് ഓണക്കുന്ന് കേന്ദ്രീകരിച്ച് ബഹുജന പ്രകടനം ഉണ്ടായിരിക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ. ശൈലജ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ കൃഷി മന്ത്രി പി.പ്രസാദ് മുഖ്യ പ്രസംഗം നടത്തും.
വാർഷികത്തിന്റെ ഭാഗമായി കലാസാംസ്‌കാരിക സമ്മേളനം,​ യുവജന മഹിള ട്രേഡ് യൂണിയൻ കർഷക സമ്മേളനങ്ങൾ, ചരിത്ര സദസ്സുകൾ, സെമിനാറുകൾ, കലാകായിക മത്സരങ്ങൾ എന്നിവ വാർഷികാചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കും. വാർത്താ സമ്മേളനത്തിൽ വി.കുഞ്ഞികൃഷ്ണൻ, പി.രമേശൻ, ഇ.പി.കരുണാകരൻ, കെ.നാരായണൻ, കൂത്തൂർ നാരായണൻ, എം. രാഘവൻ, വി.വി.പ്രദീപൻ, എം. സതീശൻ, പി.വി. നാരായണി, കെ. ഗോപാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.