1
നിർമ്മാണം പൂർത്തിയാകുന്ന സി പി എം ജില്ലാ കമ്മറ്റി ഓഫീസിൽ രവീന്ദ്രൻ തൃക്കരിപ്പൂർ 'മോറോക്യൻ സ്റ്റൈൽ' ശില്പത്തിന്റെ മിനുക്കുപണിയിൽ

കാസർകോട്: സി.പി.എം കാസർകോട് ജില്ലാ കമ്മിറ്റിക്കുവേണ്ടി പൂർത്തിയാകുന്ന എ.കെ.ജിയുടെ നാമധേയത്തിലുള്ള ഹൈടെക്ക് മന്ദിരത്തിൽ സവിശേഷ ശ്രദ്ധയാകർഷിച്ച് 'അസ്തമിക്കാത്ത സൂര്യൻ' മോറോക്യൻ ശില്പം. ഉത്തരകേരളത്തിലെ പ്രമുഖശില്പിയും ചിത്രകാരനുമായ രവീന്ദ്രൻ തൃക്കരിപ്പൂരാണ് ഈ സർഗ്ഗ സൃഷ്ടി നടത്തിയിരിക്കുന്നത്.

സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് യോഗവും ജില്ലാ കമ്മിറ്റി യോഗവും ചേരുന്നതിനായി പ്രത്യേകം തയാറാക്കുന്ന ഹാളിലെ വിശാലമായ ചുമരിലാണ് 40 അടി നീളത്തിലും അഞ്ചടി വീതിയിലും കോൺക്രീറ്റ് ശില്പമൊരുങ്ങുന്നത്. ശില്പത്തിന്റെ ഇരുഭാഗത്തുമായി ഇ.എം.എസിന്റെയും എ.കെ.ജിയുടെയും ജീവൻ തുടിക്കുന്ന രണ്ടു ശില്പങ്ങൾ തയ്യാറാക്കിയിട്ടുണ്ട്.

ആദിവാസി കാലഘട്ടവും അതിനുശേഷമുണ്ടായ വിപ്ലവകരമായ മാറ്റങ്ങളും സമരങ്ങളും യുദ്ധവെറി മൂത്ത ആധുനിക കാലം വരെയുള്ള സംഭവഗതികളും ശില്പി ചുമരിൽ പകർന്നിട്ടുണ്ട്. ജന്മി കാലഘട്ടത്തിൽ മുലക്കരം നൽകുന്ന പ്രാകൃത സമ്പ്രദായത്തിനെതിരെ നടന്ന വിപ്ലവം, അനശ്വരരായ കയ്യൂർ രക്തസാക്ഷികൾ, ബ്രിട്ടീഷ് പൊലീസും നാട്ടുകാരും തമ്മിൽ നടന്ന ഏറ്റുമുട്ടലും ക്ഷേത്രപ്രവേശനത്തിനായി കമ്മ്യൂണിസ്റ്റ് നേതാവ് പി. കൃഷ്ണപിള്ള നയിച്ച സമരങ്ങളും തുടങ്ങി പഴയകാലങ്ങളിലെ സമരേതിഹാസങ്ങളിൽ ഭൂരിഭാഗവും ഈ സർഗസൃഷ്ടിയിലുണ്ട്.

കൊവിഡ് കാലത്തെ അതിജീവന പോരാട്ടം, ആരോഗ്യപ്രവർത്തകരുടെ ഇടപെടലുകൾ, കൊവിഡിൽ നിശ്ചലമായ അമ്പലങ്ങളും പള്ളികളും ദേവാലയങ്ങളും സ്പെയ്സിൽ നിറയുന്ന സാറ്റലൈറ്റുകളും കടലിലും കരയിലും ആകാശത്തും പടക്കോപ്പുകൾ നിറച്ച് യുദ്ധഭീകരത സൃഷ്‌ടിച്ച് പ്രകൃതിയെ നശിപ്പിക്കുന്ന, ആർത്തി അടങ്ങാത്ത സാമ്രാജ്യത്വ ശക്തികളുടെ ചെയ്തികളും ചുമരിൽ കൊത്തിവച്ചിട്ടുണ്ട്.

ഏഴുവർഷം മുമ്പ് പരിയാരം മെഡിക്കൽ കോളേജിന് മുമ്പിൽ 16 അടി ഉയരത്തിലുള്ള 'ഹൃദയശിൽപ്പം' ഒരുക്കി ശ്രദ്ധേയനായ രവീന്ദ്രൻ തൃക്കരിപ്പൂർ അഞ്ചു വർഷമായി കേരള ലളിതകലാ അക്കാഡമി അംഗവും നിരവധി പുരസ്‌കാര ജേതാവുമാണ്. ഒരു മാസം കൊണ്ടാണ് ഇദ്ദേഹം എ.കെ.ജി മന്ദിരത്തിലെ മോറോക്യൻ സ്റ്റൈൽ ശില്പം പണിയുന്നത്. ശ്യാമപ്രസാദ്, വിശ്വനാഥൻ, പ്രശാന്ത്, ധനരാജ് എന്നീ കലാകാരന്മാരും സഹായികളായി. 26 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഹൈടെക്ക് ഓഫീസ് മന്ദിരം ഉദ്‌ഘാടനം ചെയ്യും.

തൊണ്ണൂറു വർഷം മുമ്പ് ജാതിക്കും മതത്തിനും എതിരായി പി. കൃഷ്ണപിള്ള നടത്തിയ പോരാട്ടങ്ങളും അതിനുശേഷം നടന്നിട്ടുള്ള വിപ്ലവസമരങ്ങൾ മുഴുവനായും ശില്പത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിച്ചിട്ടുണ്ട്.

- ശില്പി രവീന്ദ്രൻ തൃക്കരിപ്പൂർ