ചെറുപുഴ: ഏത് വേഷം ധരിക്കണമെന്നത് അവരവരുടെ തീരുമാനമാണെന്നും വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും പ്രത്യേക വസ്ത്രം അടിച്ചേൽപ്പിക്കേണ്ടതില്ലെന്നും പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. കിഫ്ബി ഫണ്ടിൽ നിർമ്മിക്കുന്ന കോഴിച്ചാൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു മന്ത്രി.

ലിംഗ തുല്യതയുമായി ബന്ധപ്പെട്ട പുരോഗമന ചിന്തകളെ സ്വാഗതം ചെയ്യുന്നു. കാലാനുസൃതമായ മാറ്റം വിദ്യാഭ്യാസ മേഖലയിൽ അനിവാര്യമാണ്. ഈ മാറ്റത്തെ ഉൾക്കൊണ്ടാണ് വിദ്യാഭ്യാസ വകുപ്പ് പ്രവർത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ടി. ഐ മധുസൂദനൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ മുഖ്യാതിഥിയായി. ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്. അലക്‌സാണ്ടർ, ജില്ലാ പഞ്ചായത്തംഗം എം.കെ രാഘവൻ, ബ്ലോക്ക് പഞ്ചായത്തംഗം എ.സി. പൗലോസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി പുളിക്കൽ, സ്ഥിരംസമിതി അദ്ധ്യക്ഷരായ എം. ബാലകൃഷ്ണൻ, ഷാന്റി കലാധരൻ, പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടിഡയറക്ടർ സി. മനോജ് കുമാർ, തളിപ്പറമ്പ് ഡി.ഇ.ഒ കെ. ജയപ്രകാശ്, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ ഓഡിനേറ്റർ പി.വി. പ്രദീപൻ, എ.ഇ.ഒ കെ.കെ.വിനോദ് കുമാർ, ബി.ആർ.സി ബി.പി.ഒ കെ.സി. പ്രകാശൻ, സ്‌കൂൾ പ്രിൻസിപ്പൽ റെജി വർക്കി, ഹെഡ്മാസ്റ്റർ കെ.എസ്.മധു, പി.ടി.എ പ്രസിഡന്റ് വർഗീസ് കണിയാംപറമ്പിൽ തുടങ്ങിയവർ പങ്കെടുത്തു.