പഴയങ്ങാടി: പുതിയങ്ങാടി ജുമാ മസ്ജിദ് മുതൽ ഏരിപ്രം പാലം വരെയുള്ള മെക്കാഡം ടാറിംഗ് പ്രവൃത്തി പാതിവഴിയിൽ നിലച്ചു. മാസങ്ങൾക്ക് മുമ്പ് തുടങ്ങിയ പ്രവൃത്തി ഇഴഞ്ഞു നീങ്ങുകയായിരുന്നു. ഒന്നോ രണ്ടോ ജോലിക്കാരെ വച്ച് കരാറുകാരൻ പ്രവൃത്തി നടത്തിയത് കാരണമാണ് ഇഴഞ്ഞു നീങ്ങാൻ കാരണമെന്നാണ് പരാതി. ഒന്നിൽ കൂടുതൽ തവണ റോഡ് പൂർണ്ണമായും അടച്ചിട്ട് പ്രവൃത്തി നടത്തിയിട്ടും ഒന്നും തന്നെ നടന്നില്ലെന്ന് യാത്രക്കാർ ആരോപിക്കുന്നു.
ഇത് മൂലം ദുരിതം പേറിയത് യാത്രക്കാരാണ്. രണ്ട് കിലോമീറ്റർ ദൈർഘ്യത്തിൽ ഉള്ള റോഡിന്റെ മെക്കാഡം ടാറിംഗിന് രണ്ട് കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഇപ്പോൾ ഒരു മാസത്തിൽ ഏറേയായി പ്രവൃത്തി നിലച്ചിട്ട്.
വിളിച്ചുവരുത്തിയ
അപകടം
റോഡിൽ വലിയ കല്ലുകൾ നിരത്തിയത് കാരണം ബൈക്കുകൾ അപകടത്തിൽപെടുന്നത് നിത്യസംഭവമാണ്. കൂടതെ വാഹനങ്ങൾ പോകുമ്പോൾ കല്ല് തെറിച്ച് കാൽനട യാത്രക്കാർക്ക് പരിക്ക് പറ്റുന്നുമുണ്ട്. റോഡരികിലെ വീട്ടുകാരും വ്യാപാരികളും പൊടിശല്യം കാരണം ഏറെ ബുദ്ധിമുട്ടുകയാണ്.
നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡ് എത്രയും പെട്ടെന്ന് ടാറിംഗ് നടത്തണം.
യാത്രക്കാർ