
പഴയങ്ങാടി: മാട്ടൂൽ അഴീക്കൽ കടവിൽ പുതിയ ബോട്ട് ജെട്ടിയുടെ പ്രവൃത്തി പുരോഗമിക്കുന്നു. റിവർ ക്രൂയിസ് ടൂറിസം പ്രൊജക്ടിന്റെ ഭാഗമായിട്ടാണ് ജെട്ടി നിർമ്മാണം. ഉൾനാടൻ ജല ഗതാഗത വകുപ്പിന്റെ നേതൃത്വത്തിൽ 90 ലക്ഷം രൂപ ചെലവഴിച്ചാണ് ആധുനിക രീതിയിലുള്ള ബോട്ട് ജെട്ടി നിർമ്മിക്കുന്നത്.
പതിറ്റാണ്ടുകൾ പഴക്കമുണ്ടായിരുന്ന പഴയ ബോട്ട് ജെട്ടി അപകടാവസ്‌ഥയിലായതിനെ തുടർന്ന് പൊളിച്ചുനീക്കിയിരുന്നു. കഴിഞ്ഞ സർക്കാരാണ് ജെട്ടി നിർമ്മാണത്തിനായി തുക മാറ്റിവെച്ചത്.
2019ൽ മാട്ടൂൽ പഞ്ചായത്ത് നടത്തിയിരുന്ന ബോട്ട് സർവീസ് ജലഗതാഗത വകുപ്പ് ഏറ്റെടുത്തതോടെയാണ് പുതിയ ബോട്ട് ജെട്ടിക്കുള്ള വഴി തെളിഞ്ഞത്. വിദ്യാർത്ഥികളടക്കം നൂറുകണക്കിന് ആളുകൾക്ക് ബോട്ട് ജെട്ടി അനുഗ്രഹമാകും.