കാഞ്ഞങ്ങാട്: അപകടം പതിവായ മടിക്കൈ കണിച്ചിറയിലെ അപകടവളവിന് ശാശ്വത പരിഹാരം ഒരുങ്ങുന്നു. ആദ്യഘട്ടത്തിൽ ദുരന്തങ്ങൾ ഒഴിവാക്കാൻ അടിയന്തിരമായി ക്രാഷ് ബാരിയർ പണിയുകയാണ്. ഇതിനായി 10,40,000 രൂപയ്ക്ക് ടെൻഡറായെന്ന് പി.ഡബ്.ലുഡി അസിസ്റ്റന്റ് എക്‌സിക്യുട്ടിവ് എൻജിനീയർ പി. പ്രകാശൻ പറഞ്ഞു.
ദേശീയപാതയ്ക്ക് സമാന്തരമായി നീലേശ്വരം കോൺവെന്റ് ജംഗ്ഷനിൽ നിന്ന് കല്ല്യാൺ റോഡ് വരെ നീളുന്ന പാത സി.ആർ.എഫ് പദ്ധതിയിൽ പെടുത്തിയാണ് നേരത്തെ നവീകരിച്ചത്. എന്നാൽ സ്വകാര്യവ്യക്തിയുടെ ഭൂമി ഏറ്റെടുക്കാനുള്ള പ്രയാസം കാരണം കണിച്ചിറയിലെ എസ് വളവ് നിലനിറുത്തിയായിരുന്നു നവീകരണം.റോഡ് മികച്ചതായതോടെ വാഹനങ്ങളുടെ വേഗത കൂടി അപകടങ്ങൾ പതിവായി. വളവിന് താഴെയുള്ള വീട്ടിലേക്കടക്കം വലിയ വാഹനങ്ങൾ മറിയുന്നത് തലവേദനയായതോടെ പഞ്ചായത്ത് ഭരണസമിതി വിഷയം പി.ഡബ്ളു.ഡിയുടെ ശ്രദ്ധയിൽ പെടുത്തുകയായിരുന്നു.
കണിച്ചിറയിലെ എസ് വളവ് നികത്താനുള്ള രണ്ട് കോടി രൂപയുടെ നിർദ്ദേശം സർക്കാരിന് മുന്നിലുണ്ട്. കാലിച്ചാംപൊതി ഗ്രൗണ്ട് മുതൽ റോഡ് താഴ്ത്തുന്നതോടെ നിലവിലെ ആദ്യത്തെ വളവ് കാഞ്ഞങ്ങാട് ഭാഗത്തേക്കുള്ള വൺവേയാകും. പത്ത് മീറ്റർ വീതിയിലാണ് പുതിയ റോഡിനായി 25 സെന്റോളം സ്ഥലം ഏറ്റെടുക്കുന്നത്. നിലവിലെ റോഡിന്റെ ഭാഗവും ചേർത്ത് 140 മീറ്റർ നീളത്തിൽ കയറ്റം കുറയുന്നതോടെ ദേശീയപാതയിലൂടെ പോകേണ്ട വലിയ ട്രക്കുകൾക്കും ഇതുവഴി കടന്നുപോകാനാകും.