കൂത്തുപറമ്പ്: നഗരമദ്ധ്യത്തിലെ പാർക്കിംഗ് ഏരിയ നിറയെ മദ്യക്കുപ്പികൾ. ബീവറേജസ് ഷോപ്പിന് സമീപത്തെ സ്വകാര്യ പാർക്കിംഗ് ഏരിയയിലാണ് വൻതോതിൽ ബോട്ടിലുകൾ വലിച്ചെറിഞ്ഞിട്ടുള്ളത്.

നഗരത്തിലെ പാർക്കിംഗ് പ്രശ്നത്തിന് പരിഹാരം കണ്ടെത്തുന്നതിനു വേണ്ടിയാണ് സ്വകാര്യ വ്യക്തിയുടെ സ്ഥലം പാർക്കിംഗ് ഏരിയയായി വികസിപ്പിച്ചത്. സ്റ്റേഡിയം പരിസരത്തെത്തുന്ന നിരവധി വാഹനങ്ങളാണ് ഇവിടെ പർക്ക് ചെയ്തിരുന്നത്.

എന്നാൽ ബീവറേജസ് ഔട്ട്ലെറ്റിന് സമീപത്തുള്ള ഈ സ്ഥലം മദ്യപാനികൾ കൈയടക്കിയതോടെ ദുരിതത്തിലായിരിക്കുകയാണ് വാഹന ഉടമകൾ. കുപ്പികളിൽ പലതും പൊട്ടി പാർക്കിംഗ് ഏരിയയിൽ ചിതറിയിട്ടുമുണ്ട്. ഇതേതുടർന്ന് ഇവിടെ പാർക്ക് ചെയ്യാനെത്തുന്ന വാഹനങ്ങളുടെ എണ്ണവും കുറഞ്ഞു. പൊതു സ്ഥലത്തെ മദ്യപാനം സംബന്ധിച്ച് പ്രദേശവാസികൾ പൊലീസിൽ വിവരം അറിയിച്ചിരുന്നു. ഏതാനും തവണ പൊലീസ് പരിശോധന നടത്തിയെങ്കിലും കുപ്പികൾ വലിച്ചെറിയുന്നതിന് കുറവൊന്നും ഉണ്ടായിട്ടില്ല.