ഇരിട്ടി: കാറിൽ മാരക ലഹരി ഗുളികകൾ കേരളത്തിലേക്ക് കടത്തവെ യുവാവ് എക്‌സൈസ് പിടിയിൽ. കിളിയന്തറ എക്‌സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയിലാണ് കണ്ണൂർ താണ ഗവ. ആയുർവേദ ഹോസ്പിറ്റലിനടുത്തു താമസിക്കുന്ന സി. ഹാഷിഫ് (41) പിടിയിലായത്. ഇയാളിൽ നിന്നും 400 എണ്ണം ട്രമഡോൾ ഗുളികകൾ (137.2 ഗ്രാം) പിടിച്ചെടുത്തു. ഗുളികകൾ കടത്തിക്കൊണ്ടു വന്ന കാറും കസ്റ്റഡിയിലെടുത്തു.
തീവ്ര വേദനാ സംഹാരിയായ ഈ ഗുളിക ഡോക്ടറുടെ അനുമതി ഇല്ലാതെ ഉപയോഗിച്ചാൽ കടുത്ത ആസക്തിയും, ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്കോ, മരണത്തിനോ കാരണമാകാം. പരിശോധനക്ക് എക്‌സൈസ് ഇൻസ്‌പെക്ടർ കെ. ഷാജി, പ്രിവന്റീവ് ഓഫീസർ ടി.കെ. വിനോദൻ, എക്‌സൈസ് ഇന്റലിജൻസ് ബ്യൂറോയിലെ പ്രിവന്റീവ് ഓഫീസർ ഒ. നിസാർ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ ബാബുമോൻ ഫ്രാൻസിസ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ മധു പുത്തൻ പറമ്പിൽ, കെ. രമീഷ് എന്നിവരും പങ്കെടുത്തു.