മാഹി: ഭക്ഷ്യസുരക്ഷാ പദ്ധതിയിൽ അർഹരായവരെ ഉൾപ്പെടുത്താൻ വേണ്ടി നടത്തുന്ന സർവേയുടെ ഭാഗമായി അപേക്ഷയോടൊപ്പം റേഷൻ കാർഡുടമകൾ നൽകേണ്ട വരുമാന സർട്ടിഫിക്കറ്റ് ലഭ്യമാക്കാൻ ബദൽ സംവിധാനം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പ്രിയദർശിനി യുവകേന്ദ്ര സോഷ്യൽ ആക്ഷൻ ഫോറം ഭാരവാഹികളായ അഡ്വ. എ.പി. അശോകൻ, കെ.വി. ഹരീന്ദ്രൻ എന്നിവർ മാഹി എം.എൽ.എ രമേശ് പറമ്പത്ത്, മാഹി റീജ്യണൽ അഡ്മിനിസ്‌ട്രേറ്റർ ശിവരാജ് മീണ എന്നിവർക്ക് നിവേദനം നൽകി. അംഗനവാടികളിൽ നിന്നും അപേക്ഷ വാങ്ങി പള്ളൂർ വില്ലേജ് ഓഫീസിൽ എത്തുന്ന പൊതു ജനങ്ങൾ മണിക്കൂറുകളോളം വെയിലേറ്റ് റോഡിൽ കാത്തു നിൽക്കേണ്ട അവസ്ഥയാണുള്ളത്. പള്ളൂർ, പന്തക്കൽ, ചാലക്കര വില്ലേജ് പരിധിയിലുള്ള നൂറുകണക്കിന് ആളുകളാണ് ഇവിടെ എത്തുന്നത്. ഇടുങ്ങിയ ഒരു മുറിയിൽ പ്രവർത്തിക്കുന്ന വില്ലേജ് ഓഫീസിൽ ആവശ്യത്തിനു ജീവനക്കാർ ഇല്ലാത്തതും പൊതുജനങ്ങളെ ഏറെ ബുദ്ധിമുട്ടിക്കുകയാണെന്ന് നിവേദനത്തിൽ അറിയിച്ചു.