കണ്ണൂർ: ജനുവരി ഒന്ന് മുതൽ കോർപറേഷൻ പരിധിയിൽ പ്ലാസ്റ്റിക് നിരോധനം ശക്തമാക്കും. പ്ലാസ്റ്റിക് നിരോധനം കർശനമാക്കുന്നത് സംബന്ധിച്ച് കോർപ്പറേഷനിൽ ചേർന്ന വിവിധ സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. പരിശോധനകൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ കോർപ്പറേഷൻ ആരോഗ്യ വിഭാഗം നടത്തും.

എല്ലാവരുടെയും സഹായ സഹകരണങ്ങൾ ഉണ്ടാവണമെന്ന് മേയർ അഡ്വ.ടി ഒ മോഹനൻ യോഗം ഉദ്ഘാടനം ചെയ്ത് പറഞ്ഞു. ഒറ്റത്തവണ പ്ലാസ്റ്റിക് വിമുക്ത ജില്ലയായി കണ്ണൂരിനെ മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്നും ബദൽ ഉൽപ്പന്ന മേള ജില്ലാ ആസ്ഥാനത്ത് ആരംഭിക്കുമെന്നും ഹരിത കേരള മിഷൻ പ്രതിനിധികൾ യോഗത്തിൽ അറിയിച്ചു. ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ എം.പി രാജേഷ് അദ്ധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് സ്ഥിരംസമിതി അദ്ധ്യക്ഷ അഡ്വ. പി ഇന്ദിര, കൗൺസിലർമാരായ മുസ്ലിഹ് മഠത്തിൽ, എസ്. ഷഹീദ, ഹെൽത്ത് സൂപ്പർവൈസർ പി.വി രാഗേഷ്, മലിനീകരണ നിയന്ത്രണ ബോർഡ് എൻവയോൺമെന്റ് എൻജിനീയർ അനിത കോയൻ, ഹരിത കേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഇ.കെ സോമശേഖരൻ, ശുചിത്വ മിഷൻ ജില്ലാ പ്രോഗ്രാം ഓഫീസർ കെ സിറാജുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു. വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികൾ, സ്വകാര്യ ആശുപത്രി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.