പയ്യന്നൂർ: വരുമാനത്തിന്റെ കാര്യത്തിൽ കണ്ണൂർ കഴിഞ്ഞാൽ മുന്നിലാണെങ്കിലും വികസനത്തിന്റെ കാര്യത്തിൽ പയ്യന്നൂർ റെയിൽവേസ്റ്റേഷൻ പിന്നിലാണ്. ഏഴിമല നേവൽ അക്കാഡമി, പെരിങ്ങോം സി.ആർ.പി.എഫ് കേന്ദ്രം എന്നിവിടങ്ങളിലുള്ളവരടക്കം യാത്രയ്ക്കായി ആശ്രയിക്കുന്നത് ഈ റെയിൽവേ സ്റ്റേഷനെയാണ്. കൂടാതെ പയ്യന്നൂരിലും സമീപങ്ങളിലുമുള്ള വിവിധ വിദ്യാലയങ്ങളിലെ ജീവനക്കാരും വിദ്യാർത്ഥികളും, പയ്യന്നൂരിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലും വിവിധ ആരാധനാലയങ്ങളിലും എത്തുന്ന ജനങ്ങളും, പയ്യന്നൂർ മുൻസിപ്പാലിറ്റിയിലെയും സമീപ പഞ്ചായത്തുകളിലെയും ജനങ്ങളും യാത്രയ്ക്കായി ആശ്രയിക്കുന്നത് പയ്യന്നൂർ റെയിൽവേ സ്റ്റേഷനെയാണ്.
അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതെയാണ് സ്റ്റേഷന്റെ പ്രവർത്തനം. മൂന്ന് മാസങ്ങൾക്കു മുമ്പ് ജീവനക്കാരുടെ കുറവ് പറഞ്ഞ് റെയിൽവേ സ്റ്റേഷനിലെ അന്വേഷണ കേന്ദ്രം പൂട്ടിയിരുന്നു. ജനപ്രതിനിധികളും മറ്റ് സംഘടനകളും ഇതിനെതിരെ ബന്ധപ്പെട്ട അധികാരികൾക്ക് നിവേദനങ്ങൾ സമർപ്പിച്ചെങ്കിലും ഇതുവരെ തുറന്നില്ല. ഇപ്പോൾ റെയിൽവേ സ്റ്റേഷനിലേക്ക് അന്വേഷണത്തിന് ഫോൺ വിളിച്ചാൽ മിക്ക സമയങ്ങളിലും കിട്ടാറില്ല.
തീവണ്ടികളിൽ നിന്നു വരുന്നതും പോകുന്നതുമായ പാർസലുകൾ സൂക്ഷിക്കുവാൻ സ്റ്റേഷനിൽ പാർസൽ റൂമില്ല. ആഴ്ചയിൽ ഒന്നും രണ്ടും ദിവസങ്ങളിൽ ഓടുന്ന പല ദീർഘദൂര തീവണ്ടികൾക്കും പയ്യന്നൂരിൽ സ്റ്റോപ്പില്ല. ഒന്നും രണ്ടും പ്ലാറ്റ്‌ഫോമുകളിൽ എല്ലാ ഭാഗങ്ങളിലും മേൽക്കൂര ഇല്ലാത്തതിനാൽ യാത്രക്കാർക്ക് വെയിലും മഴയും കൊള്ളേണ്ട സ്ഥിതിയാണ്.
റിസർവ്വേഷൻ കൗണ്ടർ പേരിനു മാത്രം
റിസർവേഷൻ കൗണ്ടർ രണ്ടെണ്ണമുണ്ടെങ്കിലും ഒന്ന് രാവിലെ എട്ടു മുതൽ രണ്ടു വരെ റിസർവേഷൻ മാത്രമുള്ള കൗണ്ടറായി പ്രവർത്തിക്കുന്നു. മറ്റൊരു കൗണ്ടറുള്ളത് രാത്രി എട്ടുമണിവരെ പ്രവർത്തിക്കുന്നുണ്ടെങ്കിലും ഇപ്പോൾ ഈ കൗണ്ടറിൽ നിന്നുമാണ് സാധാരണ ടിക്കറ്റും, സീസൺ ടിക്കറ്റും കൊടുക്കുന്നത്. ഇതു കാരണം കൗണ്ടറുകളിൽ യാത്രക്കാരുടെ നീണ്ട നിരയാണ് പലപ്പോഴും. ഇതു പല യാത്രക്കാർക്കും ടിക്കറ്റുകൾ കിട്ടാത്ത അവസ്ഥയും വരാറുണ്ട്.
മൂക്കുപൊത്തി കയറണം കംഫർട്ട് സ്റ്റേഷനിൽ
ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ പണം കൊടുത്ത് ഉപയോഗിക്കുന്ന കംഫർട്ട് സ്റ്റേഷൻ മിക്ക ദിവസങ്ങളിലും പരിപാലനത്തിന് ആളില്ലാത്തതിനാൽ അടഞ്ഞുകിടക്കുന്ന അവസ്ഥയാണ്. രണ്ടാമത്തെ പ്ലാറ്റ്‌ഫോമിൽ പുതിയതായി ഒരു ബാത്ത്‌റൂം വേണമെന്ന യാത്രക്കാരുടെ ആവശ്യം ഇതുവരെയായും പ്രാവർത്തികമാക്കിയിട്ടില്ല.
പരിശോധനയുടെ പേരിൽ തട്ടിക്കൂട്ട്
21 ന് മംഗലാപുരം മുതൽ കണ്ണൂർ വരെ പരിശോധനയുടെ ഭാഗമായി ചെന്നൈയിൽ നിന്നുള്ള ദക്ഷിണ റെയിൽവേ ജനറൽ മാനേജർ വരുന്നതിനു മുന്നോടിയായി ലക്ഷക്കണക്കിന് രൂപ ചെലവിട്ട് മിനുക്കു പണികൾ നടത്തുമ്പോഴും സ്റ്റേഷന്റെ വികസനത്തിനു വേണ്ടി ഒന്നും ചെയ്യുന്നില്ല എന്ന പരാതിയും യാത്രക്കാർക്ക് ഉണ്ട്.
ശാശ്വത പരിഹാരത്തിനു വേണ്ടി ജനറൽ മാനേജർ വരുന്ന ദിവസം നേരിട്ടുകണ്ട് പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെടുത്തുവാൻ ജനപ്രതിനിധികളും ബന്ധപ്പെട്ട അധികാരികളും മറ്റ് സംഘടനകളും ശ്രദ്ധിക്കണം.
വിശ്വനാഥൻ, യാത്രക്കാരൻ