കൂത്തുപറമ്പ്: കൗതുകങ്ങളെയും അറിവുകളെയും തേടുന്ന കുട്ടികളെ പരമാവധി പ്രോത്സാഹിപ്പിക്കുന്നതിനായി ഏറുമാടത്തിൽ വായനശാല ഒരുക്കി നരവൂർ സൗത്ത് എൽ.പി സ്‌കൂളിന്റെ പരീക്ഷണം. മുളയും വൈക്കോലും ഉപയോഗിച്ച് നിർമ്മിച്ച ഏറുമാടം പ്രകൃതിയോടിണങ്ങി ജീവിക്കാനുള്ള ആഹ്വാനം കൂടിയാണ്.
ബാലസൗഹൃദ വായനമുറിയിൽ കുട്ടികൾക്ക് സൗകര്യപ്രദമായ കസേരകളും മേശയുമുണ്ട്. ധാരാളം ദിനപത്രങ്ങളും പുസ്തകങ്ങളും ഈ ഏറുമാടത്തിൽ കയറ്റിയിട്ടുണ്ട് സ്കൂൾ അധികൃതർ. കുട്ടികൾക്ക് ഏറുമാടത്തിലേക്ക് കയറേണ്ടത് ഗോവണി വഴിയാണ്.
പ്രധാനാദ്ധ്യാപകൻ പി .വി ദിജേഷിന്റെ നേതൃത്വത്തിൽ അദ്ധ്യാപകരായ കെ .ദിപിൻ, സി. റജിൽ, വി .രഗില, എ .കെ യജുഷ എന്നിവർ ചേർന്ന് ഒഴിവുസമയം പ്രയോജനപ്പെടുത്തിയാണ് ഏറുമാടം നിർമ്മിച്ചത്. നേരത്തെ ജൈവ പന്തൽ, ജൈവവേലി എന്നിവയും അദ്ധ്യാപകരുടെ നേതൃത്വത്തിൽ നിർമ്മിച്ചിരുന്നു. ഏറുമാടം ഔദ്യോഗികമായി തുറന്നുകൊടുക്കാനുള്ള ഒരുക്കത്തിലാണ് സ്‌കൂൾ അധികൃതർ.