പയ്യന്നൂർ : രാമന്തളി പഞ്ചായത്തിൽ പതിമൂന്നാം വാർഡിൽ ജനവാസ കേന്ദ്രത്തിൽ അന്യ സംസ്ഥാന തൊഴിലാളികളെ കൂട്ടത്തോടെ താമസിപ്പിക്കുവാൻ നിർമ്മിച്ച ലേബർ ഷെഡ്ഡിന് പ്രവർത്തനാനുമതി ലഭിക്കും മുന്നെ അന്യസംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കുന്നത് തടയണമെന്ന് പതിമൂന്നാം വാർഡ് റസിഡൻഷ്യൻ അസോസിയേഷൻ പഞ്ചായത്ത് അധികൃതർക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.

നാവിക അക്കാഡമിക്കു വേണ്ടി കുടിയൊഴിപ്പിക്കപ്പെട്ട നാട്ടുകാർ താമസിക്കുന്ന ജനവാസ കേന്ദ്രത്തിലാണ് അന്യ സംസ്ഥാന തൊഴിലാളികളെ കൂട്ടത്തോടെ താമസിപ്പിക്കുവാൻ ലേബർ ഷെഡ്ഡ് നിർമ്മിക്കുന്നത്. ഇത് കടുത്ത പാരിസ്ഥിതിക-സാമൂഹിക പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന് കാണിച്ച് ഷെഡ്ഡ് നിർമ്മാണത്തിനു മുമ്പുതന്നെ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പ്രദേശവാസികൾ പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകിയിരുന്നെങ്കിലും, അതൊന്നും പരിഗണിക്കാതെ ഷെഡ്ഡ് നിർമ്മിക്കുവാൻ അനുമതി നൽകുകയായിരുന്നെന്ന് അസോസിയേഷൻ കുറ്റപ്പെടുത്തി.

കേരള കെട്ടിട നിർമ്മാണ ചട്ടങ്ങൾ കാറ്റിൽ പറത്തി ഷീറ്റ് കൊണ്ട് ചുമരും മേൽക്കൂരയും ഉണ്ടാക്കിയാണ് ലേബർ ഷെഡ്ഡ് നിർമ്മിച്ചിരിക്കുന്നത്. ഇതിന് പ്രവർത്തനാനുമതി നൽകാനുള്ള നീക്കത്തിൽ നിന്നും പഞ്ചായത്ത് അധികൃതർ പിന്മാറണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമര പരിപാടികൾ സംഘടിപ്പിക്കുമെന്നും റസിഡൻഷ്യൽ അസോസിയേഷൻ മുന്നറിയിപ്പ് നൽകി. പ്രസിഡന്റ് വിജയൻ വളമ്പത്ത് അദ്ധ്യക്ഷത വഹിച്ചു. പി.വി. രാഘവൻ, പി.വി. സുരേന്ദ്രൻ, ടി.കെ. സുരേന്ദ്രൻ, ഡി.കെ. മനോജ്, കെ.എം. അനിൽകുമാർ, പി. ഗിരിഷ്, വി.കെ. ജ്യോതി, കെ.പി. സരിത, ശൈലജ, പവിത്രൻ സംസാരിച്ചു.