കണ്ണൂർ: കേരളത്തിലെ ജനങ്ങളെ പെരുവഴിയിലാക്കുന്ന കെ റെയിൽ പദ്ധതി സി.പി.എമ്മിന് കുംഭ കോണത്തിനുള്ള പദ്ധതിയാണെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ ടി.സിദ്ദിഖ് പറ‌ഞ്ഞു. കെ റെയിൽ പദ്ധതിക്കെതിരെ സംസ്ഥാന വ്യാപകമായി യു.ഡി.എഫ് നടത്തുന്ന പ്രക്ഷോഭ സമരത്തിന്റെ ഭാഗമായി ഇന്നലെ കണ്ണൂർ കളക്ടറേറ്റിന് മുന്നിൽ നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സിൽവർ ലൈൻ പദ്ധതി നടപ്പാക്കാൻ ഒരു തരത്തിലും സമ്മതിക്കില്ല. ആർക്കുവേണ്ടിയാണ് ഈ പദ്ധതി...? പദ്ധതിയുടെ ഡി.പി.ആർ പൊതുസമൂഹത്തിന്റെ മുന്നിൽ വയ്ക്കാൻ മുഖ്യമന്ത്രി തയ്യാറാകുമോ...? കൊവിഡ് കാലത്ത് കേരളത്തിൽ മെഡിക്കൽ ഉപകരണം വാങ്ങി സി.പി.എം കുംഭകോണമാണ് നടത്തിയത്. സമാന രീതിയിൽ കെ റെയിലിലൂടെയും പാർട്ടിക്ക് വേണ്ടി കുംഭകോണം നടത്തുകയാണ് ലക്ഷ്യം. കെ റെയിൽ പദ്ധതിയുടെ ഓഫീസുകൾ സി.പി.എം നേതാക്കളുടെ ഭാര്യമാർക്കും മറ്റ് ബന്ധുക്കൾക്കും ജോലി കൊടുക്കാനുള്ള താവളമായി മാറ്റിയിരിക്കുകയാണെന്നും സിദ്ദിഖ് പറഞ്ഞു.

വികസനത്തിന് തുരങ്കം വയ്ക്കാനുള്ള പ്രതിഷേധമല്ല കെ റെയിലിനെതിരെ നടക്കുന്നത്. വിദഗ്ധരുമായി ചർച്ച നടത്തിയ ശേഷമാണ് യു.ഡി.എഫ് സിൽവർ ലൈനിനെതിരായ നിലപാടെടുത്തത്. കെ റെയിലിനെതിരെ ശക്തമായ സമരവുമായി യു.ഡി.എഫ് മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് ചെയർമാൻ പി .ടി. മാത്യു അദ്ധ്യക്ഷത വഹിച്ചു. അഡ്വ. അബ്ദുൾ കരീം ചേലേരി, എം.എൽ.എമാരായ സണ്ണിജോസഫ്, സജീവ് ജോസഫ് എന്നിവർ സംബന്ധിച്ചു.