കാസർകോട്: കേരളത്തിലെ ആവാസ വ്യവസ്ഥയെ തകർത്തു നാടിനെ രണ്ടായി വിഭജിക്കുന്ന കെ റെയിൽ സെമി ഹൈസ്പീഡ് റെയിൽവേ പദ്ധതിക്കെതിരെ യു.ഡി.എഫ് ജില്ലാ കമ്മിറ്റി കാസർകോട് കളക്ടറേറ്റിലേക്ക് മാർച്ച് നടത്തി. വിദ്യാനഗർ ഗവ കോളജ് പരിസരത്ത് നിന്ന് ആരംഭിച്ച ബഹുജനമാർച്ച് കളക്ടറേറ്റിന് മുന്നിൽ പൊലീസ് തടഞ്ഞു. മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം ഉദ്ഘാടനം ചെയ്തു.
ദുരിതങ്ങളുടെ കണ്ണീർക്കയത്തിലേക്കെറിയപ്പെടുന്ന ഇരകൾക്ക് വേണ്ടിയാണ് യു.ഡി.എഫ് പ്രക്ഷോഭം നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ ഭൂമി ശാസ്ത്ര പരമായ പ്രത്യേകതകൾ പരിഗണിക്കാതെയും പരിസ്ഥിതി, സാമൂഹിക ആഘാത പഠനങ്ങൾ നടത്താതെയുമാണ് കെ റെയിൽ പദ്ധതി നടപ്പാക്കാനുള്ള തീരുമാനവുമായി സർക്കാർ മുന്നോട്ട് പോകുന്നത്. അഴിമതി ലക്ഷ്യം വെച്ച് നടത്തുന്ന ഈ പദ്ധതി ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും പി.എം.എ സലാം പറഞ്ഞു.
ചെയർമാൻ സി.ടി. അഹമ്മദലി അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ എ. ഗോവിന്ദൻ നായർ സ്വാഗതം പറഞ്ഞു. എം.എൽ.എമാരായ എൻ.എ. നെല്ലിക്കുന്ന്, എ.കെ.എം അഷ്റഫ്, ഡി.സി.സി പ്രസിഡന്റ് പി.കെ ഫൈസൽ, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടി.ഇ അബ്ദുല്ല, ജനറൽ സെക്രട്ടറി എ. അബ്ദുൽ റഹ്മാൻ, ട്രഷറർ കല്ലട്ര മാഹിൻ ഹാജി, ഭാരവാഹികളായ വി.കെ.പി ഹമീദലി, കെ. മുഹമ്മദ്കുഞ്ഞി, വി.കെ ബാവ, പി.എം. മുനീർ ഹാജി, മൂസാബി ചെർക്കള, എ.എം. കടവത്ത്, കെ.എം. ശംസുദ്ദീൻ ഹാജി, കരുൺ താപ്പ, ടി.എ.മൂസ, മഞ്ചുനാഥ ആൾവ, കെ ശ്രീധരൻ, അഡ്വ. എം.ടി.പി കരീം, എ.വി തമ്പാൻ തുടങ്ങിയവർ പ്രസംഗിച്ചു.