കല്യാശ്ശേരി: സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം പാഠ്യപാഠ്യേതര മേഖലകളിലെ സമഗ്ര വികസനമാണ് സർക്കാർ ലക്ഷ്യം വയ്ക്കുന്നതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. കല്ല്യാശ്ശേരി കെ.പി.ആർ. ഗോപാലൻ സ്മാരക ഗവ ഹയർ സെക്കൻഡറി സ്‌കൂളിൽ വി.എച്ച്.എസ്.ഇ വിഭാഗത്തിനായി നിർമ്മിച്ച പുതിയ കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ ഏറെ മെച്ചപ്പെട്ടുകഴിഞ്ഞു. അക്കാദമിക നിലവാരവും പാഠ്യേതര രംഗത്തെ മികവും ഉറപ്പുവരുത്തുന്ന പ്രവർത്തനങ്ങൾക്കാണ് കൂടുതൽ ഊന്നൽ നൽകേണ്ടത്. പാഠപുസ്തകങ്ങൾ കാലാനുസൃതമായി പരിഷ്‌കരിക്കും. മാറുന്ന ലോകത്തിന്റെ പ്രതിഫലനമായി പൊതുവിദ്യാഭ്യാസ രംഗം മാറുന്നതിനുള്ള പാഠ്യ പദ്ധതി പരിഷ്‌കരണമാണ് സർക്കാർ ലക്ഷ്യം വയ്ക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കല്യാശ്ശേരി സ്‌കൂളിന് പുതിയ ഓഡിറ്റോറിയം നിർമിക്കുന്നതിനായി എസ്റ്റിമേറ്റ് സമർപ്പിക്കാൻ എം. വിജിൻ എം.എൽ.എയ്ക്ക് മന്ത്രി ചടങ്ങിൽ നിർദ്ദേശം നൽകി. വിവിധ മേഖലകളിൽ കഴിവുതെളിയിച്ച വിദ്യാർഥികൾക്ക് ചടങ്ങിൽ മന്ത്രി ഉപഹാരം നൽകി.

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാരിന്റെ 2018-19 വർഷത്തെ തനത് ഫണ്ടിൽ ഉൾപ്പെടുത്തിയാണ് മൂന്നുകോടി രൂപ ചെലവിൽ വി.എച്ച്.എസ്.ഇ കെട്ടിട സമുച്ചയം നിർമ്മിച്ചത്. ആകെ 1234.64 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള കെട്ടിടത്തിൽ മൂന്നു നിലകളിലായി 14 ക്ലാസ് മുറികളാണുള്ളത്. സ്റ്റാഫ് മുറിയും ടോയ്ലറ്റ് ബ്ലോക്കും ഉണ്ട്.
എം. വിജിൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു. കെ.സി.സി.പി.എൽ. ചെയർമാനും എം.എൽ. എയുമായ ടി.വി. രാജേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, കല്യാശ്ശേരി ബ്ലോക്ക് പ്രസിഡന്റ് പി.പി. ഷാജിർ , കല്യാശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് പി.പി. ഷാജിർ, എം. സെൽവ മണി, പി.വി. പ്രസീത, കണ്ണൂർ ഡി.ഡി.ഇ. മനോജ് മാണിയൂർ, പി.വി. വിനോദ് എന്നിവർ സംസാരിച്ചു. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം എക്സി. എഞ്ചിനീയർ സി.ഇ. പ്രകാശൻ റിപ്പോർട്ട് അവതരിപ്പിച്ചു.