മാഹി: മയ്യഴിക്കാരുടെ ചിരകാല ആവശ്യമായ അത്യാധുനിക സംവിധാനത്തോടെയുള്ള ഒരു പൊതുശ്മശാനം എന്നതിന് പരിഹാരം കാണാനാവാതെ മയ്യഴി നഗരസഭ. മയ്യഴിക്ക് തൊട്ടടുത്ത കേരളക്കരയിൽ തലശ്ശേരി കണ്ടിക്കലിലെ നിദ്ര തീരവും, കുണ്ടുചിറയിലെ ഹൈടെക് ഗ്യാസ് ശ്മശാനവും, പന്തക്കപ്പാറയിലുള്ള പ്രശാന്തിയും പോലെ അത്യാധുനിക വാതക ശ്മശാനമാണ് ഈ നാട്ടുകാർ ആവശ്യപ്പെടുന്നത്. ഇതേ മാതൃക നേരിൽ കണ്ട് 2018ൽ അന്നത്തെ മാഹി റീജ്യണൽ അഡ്മിനിസ്‌ട്രേറ്റർ അമൻ ശർമ്മയും, മാഹി എം.എൽ.എ ഡോ: വി. രാമചന്ദ്രനും രൂപകൽപ്പന ചെയ്ത മയ്യഴി കോരക്കുറുപ്പാളുടെ കുന്നിലെ നിർദ്ദിഷ്ട വാതകശ്മശാനമാകട്ടെ, ഇപ്പോൾ ഈ സൗകര്യങ്ങളൊന്നും ഇല്ലാതെ, കേവലമായൊരു ഗ്യാസ് സംസ്‌ക്കരണ കേന്ദ്രം മാത്രമായി ചുരുങ്ങിയിരിക്കുകയാണ്.
യന്ത്രസാമഗ്രികൾ വാങ്ങാൻ എം.എൽ.എ ഫണ്ടും, കെട്ടിടം നിർമ്മിക്കാൻ നഗരസഭാ ഫണ്ടും ഉപയോഗിക്കാനുമായിരുന്നു തീരുമാനം. പുതിയ ശ്മശാന സങ്കൽപ്പങ്ങളിൽ വാതക സംസ്‌ക്കരണ കേന്ദ്രത്തിന് ചുറ്റിലും ഉദ്യാനവും, വിശ്രമമുറിയും, അനുശോചനസമ്മേളനങ്ങൾ നടത്താനുള്ള സംവിധാനവും, സ്മൃതി മണ്ഡപവുമെല്ലാമുള്ള സമുച്ചയമായിരുന്നു.
നിലവിലുള്ള ശ്മശാനത്തിന് നാല് ഏക്രയിലധികം സ്ഥലമുണ്ട്. എന്നാലിപ്പോൾ പഴയ കെട്ടിടം പൊളിക്കാതെയാണ് പ്ലാന്റ് സ്ഥാപിക്കുന്നത്. കോടികൾ ബാങ്കിൽ നിക്ഷേപമുള്ള നഗരസഭയാണിത്. 37 ലക്ഷം രൂപ ചെലവ് ചെയ്താണ് ഇത് സ്ഥാപിക്കുന്നതെന്നാണ് നഗരസഭാ കമ്മിഷണർ സുനിൽ കുമാർ വ്യക്തമാക്കിയത്. ഫണ്ടിന്റെ അപര്യാപ്തത മൂലം, രണ്ടാം ഘട്ടത്തോടെ മാത്രമേ ഉദ്ദേശിക്കുന്ന രൂപത്തിലുള്ള വാതകശ്മശാനത്തിന്റെ നിർമ്മിതി പൂർത്തിയാവുകയുള്ളൂവെന്നും കമ്മീഷണർ പറഞ്ഞു. പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ അനുമതി ഇനിയും ലഭിച്ചിട്ടില്ല. നിർമ്മാണമാണെങ്കിൽ ഇഴഞ്ഞ് നീങ്ങുകയുമാണ്.
പ്രാധാന്യമെന്തെന്നറിയാതെ..
1986ൽ പലേരി ദമോദരൻ മാസ്റ്റർ അദ്ധ്യക്ഷനായി രൂപീകൃതമായ പൊതുജന സേവാസംഘമാണ് മിതമായ നിരക്കിൽ വിറകും, ചിരട്ടയും, മടലുമെല്ലാം ഉപയോഗിച്ച് കോരക്കുറുപ്പാളുടെ കുന്നിൽ ശവദാഹം നടത്തിവന്നത്. ആചാരമനുസരിച്ചുള്ള എല്ലാ സുഗന്ധ വസ്തുക്കളും കർമ്മങ്ങൾക്കുള്ള വസ്തുക്കളും ഉപയോഗിച്ചാണ് സേവാ സംഘം ചടങ്ങ് നടത്താറുള്ളത്. തലമുറകൾക്കായി സമർപ്പിക്കപ്പെടേണ്ട ഇത്തരമൊരു ബൃഹദ് പദ്ധതി പഴയ കെട്ടിടത്തിൽ തന്നെ ഒതുക്കി നിർത്തി, നിർമ്മിക്കുന്നതിൽ വ്യാപകമായ പ്രതിഷേധമുയർന്നിട്ടുണ്ട്.
ഇക്കാലമത്രയും ഇവിടെ ശവദാഹം നടത്തിവന്ന പൊതുജനസേവാ സംഘത്തോടടക്കം ആലോചിക്കാതെയാണ് ശ്മശാന നവീകരണം നഗരസഭ നടത്തുന്നത്. നിലവിലുള്ള മൂന്ന് പഴയ കെട്ടിടങ്ങൾ പൊളിക്കാതെ, നിലനിർത്തിയാണ് പഴയ ശ്മശാന മുറിയിൽ തന്നെ ഗ്യാസ് പ്ലാന്റ് സ്ഥാപിക്കുന്നത്. ഇതിന് ചുറ്റിലുമുള്ള ധാരാളം മരങ്ങൾ മുറിച്ച് മാറ്റുകയും ചെയ്തിട്ടുണ്ട്. ഇതിലൊന്നിലാണ് അത്യപൂർവമായ വെള്ളവയറൻ കടൽപക്ഷികൾ കൂട് വയ്ക്കാറുള്ളത്. പ്രകൃതി സൗഹൃദ നിർമ്മാണ രീതിയാണ് അവലംബിക്കേണ്ടത്.
പി.വി. ചന്ദ്രദാസ്, പൊതുജന സേവാസംഘം
ഭൗതിക സൗകര്യങ്ങളും, സമ്പത്തുമെല്ലാമുണ്ടായിട്ടും, അശാസ്ത്രീയവും, അപര്യാപ്തവുമായ നിലയിൽ നിർമ്മിക്കുന്ന വാതക ശ്മശാനം, നേരത്തെ ഉണ്ടാക്കിയ പ്ലാൻ അനുസരിച്ചു തന്നെ പണിയണം. പിതൃക്കൾക്ക് ആദരാജ്ഞലികൾ അർപ്പിക്കാനുള്ള സ്മൃതിമണ്ഡപം നിർമ്മിച്ചു നൽകാൻ തയ്യാറാണ്.
സജിത് നാരായണൻ, സെക്രട്ടറി, മാഹി
എസ്.എൻ.ഡി.പി യോഗം യൂണിയൻ,