കണ്ണൂർ: കുന്നത്തൂർപാടി മുത്തപ്പൻ ദേവസ്ഥാനം തിരുവപ്പന മഹോത്സവം 24ന് തുടങ്ങുമെന്ന് ട്രസ്റ്റി ആൻഡ് ജനറൽ മാനേജർ എസ്.കെ. കുഞ്ഞിരാമൻ നായനാർ വാർത്താസമ്മേളത്തിൽ പറഞ്ഞു. പൊടിക്കളത്തെ മടപ്പുരയിൽ തന്ത്രി പേർക്കിളത്തില്ലത്ത് സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ ഗണപതി ഹോമം, ശുദ്ധി, വാസ്തുബലി, ഭഗവതി സേവ എന്നീ ചടങ്ങുകൾ നടക്കും. കോമരം ഉറഞ്ഞു തുള്ളി പയങ്കുറ്റി വച്ച ശേഷം അഞ്ചില്ലം അടിയാൻമാർ കളിക്കപ്പാട്ടോടു കൂടി പാടിയിൽ പ്രവേശിക്കും.
24ന് രാത്രി മുത്തപ്പന്റെ ജീവിതത്തിലെ ബാല്യം, കൗമാരം, ഗാർഹസ്ഥ്യം, വാനപ്രസ്ഥം എന്നീ ഘട്ടങ്ങളെ പ്രതിനിധീകരിച്ച് പുതിയമുത്തപ്പൻ, പുറംകാല മുത്തപ്പൻ, നാടുവാഴീശൻ ദൈവം, തിരുവപ്പന എന്നിവ കെട്ടിയാടും. മറ്റ് ദിവസങ്ങളിൽ വൈകിട്ട് ഊട്ടുംവെള്ളാട്ടം, രാത്രി തിരുവപ്പന, പുലർച്ചെ വെള്ളാട്ടം എന്നിവയുണ്ടാകും. ഒന്നിടവിട്ട ദിവസങ്ങളിൽ മൂലംപെറ്റ ഭഗവതിയും കെട്ടിയാടും. ദിവസവും ഉച്ചയ്ക്കും രാത്രിയും താഴെ പൊടിക്കളത്ത് അന്നദാനം നടക്കും. 16ന് ഉത്സവം സമാപിക്കും. ഉത്സവ കാലത്ത് ഭക്തർക്ക് 24 മണിക്കൂറും പാടിയിൽ പ്രവേശിക്കാം. വാർത്താസമ്മേളനത്തിൽ പി.കെ. മധു എന്നിവരും സംബന്ധിച്ചു.