കണ്ണൂർ: ജീവനക്കാർ യൂണിഫോം അണിഞ്ഞിരുന്ന സ്ഥലം ലൈബ്രറിയായി, മട്ടുപ്പാവ് കൃഷിയിടമായി അകത്തളത്തിൽ മീൻവളർത്തലും.കണ്ണൂർമേഖലാ അഗ്‌നിരക്ഷാസേനാ ഓഫിസും സ്റ്റേഷനുമടങ്ങിയ കെട്ടിടത്തിനാണ് ഈ മാറ്റം.
ഒരു വർഷം മുമ്പാണ് എല്ലാ അഗ്‌നിരക്ഷാസേനാ ഓഫീസിലും ചെറിയ ലൈബ്രറിയെങ്കിലും സജ്ജീകരിക്കണമെന്ന നിർദ്ദേശമെത്തിയത്. കണ്ണൂരിൽ സ്റ്റേഷൻ ഒാഫീസർ കെ.വി ലക്ഷ്മണന്റെ നേതൃത്വത്തിൽ ലൈബ്രറി ഒരുക്കാനുള്ള ശ്രമം അന്ന് തുടങ്ങി.റാക്കുകളും അലമാരകളുമൊരുക്കി അസി.സ്റ്റേഷൻ ഓഫിസർ എ.കുഞ്ഞിക്കണ്ണൻ ലൈബ്രറിയുടെ രൂപരേഖ തയ്യാറാക്കി.ജീവനക്കാരുടെ ക്ലബ്ബ് തുനിഞ്ഞിറങ്ങി പുസ്തകം ശേഖരിച്ചു ഉദ്യോഗസ്ഥരുടെസുഹൃത്തുക്കളും ബന്ധുക്കളും പിന്തുണച്ചപ്പോൾ 1500 പുസ്തകങ്ങൾ അലമാരകളിൽ നിറഞ്ഞു..ഒപ്പം ക്ലബ്ബിന്റെ നേതൃത്വത്തിൽ പണപ്പിരിവ് നടത്തിയും പുസ്തകങ്ങൾ വാങ്ങി.സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ അംഗീകാരത്തിനായി അപേക്ഷ നൽകി കാത്തിരിക്കുയാണ് കണ്ണൂർ ഫയർഫോഴ്സ്.
സ്റ്റേഷൻ ജീവനക്കാരും തൊട്ടടുത്ത ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന കുടുംബാംഗങ്ങളുമാണ് ലൈബ്രറി അംഗങ്ങൾ. കുട്ടികളാണ് കൂടുതലും പുസ്തകങ്ങളോട് താൽപര്യം കാണിക്കുന്നതെന്ന് ഇവർ പറയുന്നു.ഓഫീസ് സന്ദർശിച്ച ഫയർഫോഴ്സ് മേധാവി ബി.സന്ധ്യ ഗ്രന്ഥശാലയ്ക്ക് എല്ലാ ഭാവുകം നേർന്ന് സന്ദർശകപുസ്തകത്തിൽ കുറിപ്പെഴുതിയിട്ടുണ്ട്. ഒപ്പം ജനമൈത്രി പൊലീസിനെ കുറിച്ചുള്ള ഒരു പുസ്കകവും അവർ സംഭാവന ചെയ്തു.
മട്ടുപ്പാവിനെ മറച്ച് പച്ചപ്പ്
കൃഷിവകുപ്പിന്റെ പ്രോത്സാഹനത്തോടെയാണ് മട്ടുപ്പാവിൽ ഫയർഫോഴ്സിന്റെ പച്ചക്കറികൃഷി . രണ്ടാംഘട്ടത്തിനായി ഇരുന്നൂറോളം ഗ്രോബാഗുകൾ ഒരുക്കി കഴിഞ്ഞു. ആദ്യവർഷം വെണ്ടയും തക്കാളിയും വഴതിനയുമായിരുന്നു വിളയിച്ചെടുത്തത്. എങ്കിലും വീണ്ടും കൃഷിയിറക്കാൻ തന്നെയാണ് തീരുമാനം. ഓഫീസിന്റെ താഴത്തെ നിലയിൽ വെറുതെ കിടന്ന സ്ഥലത്ത് പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് നിർമ്മിച്ച ടാങ്ക് മത്സ്യക്കുഞ്ഞുങ്ങളെ പ്രതീക്ഷിച്ച് ഒരുങ്ങിനിൽക്കുകയാണ്. നേരത്തെ അറുന്നൂറോളം മീനുകളെ ഇതിൽ വളർത്തിയെടുത്തിരുന്നു.
ഇനിയും പുസ്തകങ്ങൾ എത്തിച്ച് മികച്ച ലൈബ്രറി ഒരുക്കുകയാണ് ലക്ഷ്യം.ജീവനക്കാരുടെ കൂട്ടായ പരിശ്രമത്തിലൂടെയാണ് ലൈബ്രറിയും മട്ടുപ്പാവ് കൃഷിയും മത്സ്യകൃഷിയും ഒരുങ്ങിയത്
കെ .വി.ലക്ഷ്മണൻ ,സ്റ്റേഷൻ ഓഫീസർ,ഫയർ അന്റ് റെസ്‌ക്യൂ സ്റ്റേഷൻ കണ്ണൂർ