
അന്താരാഷ്ട്ര നാണയനിധിയുടെ (ഐ.എം.എഫ്) ഫസ്റ്റ് ഡെപ്യൂട്ടി എം.ഡിയായി
ജനുവരി മൂന്നാംവാരം ചുമതലയേൽക്കുന്ന ആദ്യത്തെ ഇന്ത്യക്കാരിയും
കണ്ണൂർ സ്വദേശിനിയുമായ ഗീതാഗോപിനാഥിന്റെ
വിശേഷങ്ങളിലേക്ക്...
കൊവിഡ് മഹാമാരി പിടിമുറുക്കിയപ്പോൾ തന്റെ ഫാമിലെ 22 പശുക്കളെ പാവപ്പെട്ട കർഷർക്ക് നൽകിയ ടി.വി.ഗോപിനാഥിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളെ കുറിച്ച് മകൾ ഗീതാ ഗോപിനാഥ് ഇങ്ങനെ ട്വീറ്റ് ചെയ്തു.''അച്ഛൻ തനിക്ക് കഴിയുന്ന രീതിയിൽ എല്ലാവരെയും സഹായിക്കുന്നു. അത്തരം കാര്യങ്ങൾ ഇപ്പോഴും തുടരുന്നുവെന്നത് ഏറെ സന്തോഷകരം. ഇത്തവണ മൈസൂരിലെ ഫാമിലെ പശുക്കളെ പാവപ്പെട്ടവർക്ക് നല്കിയാണ് അച്ഛൻ ജീവകാരുണ്യത്തിന്റെ പുതിയ മാതൃക കാട്ടിയത്. അച്ഛന്റെ പ്രവൃത്തിയിൽ അഭിമാനിക്കുന്നു.""
കൊവിഡ് കാലത്ത് ദുരിതം അനുഭവിച്ച ദക്ഷിണാഫ്രിക്ക പോലുള്ള രാജ്യങ്ങളിലെ പട്ടിണി മാറ്റാൻ ആ അച്ഛന്റെ മകളാണ് മുന്നിട്ടിറങ്ങിയത്. അമേരിക്ക മുതൽ എത്യോപ്യ വരെയുള്ള 190 ചെറുതും വലുതുമായ രാജ്യങ്ങളുടെ സാമ്പത്തിക ഭാവി നിർണയിക്കാനുള്ള അന്താരാഷ്ട്ര നാണയ നിധി( ഐ. എം. എഫ്) യുടെ ഫസ്റ്റ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറായി (എഫ്.ഡി.എം.ഡി.) കണ്ണൂർ സ്വദേശിയായ ഗീതാ ഗോപിനാഥ് ചുമതലയേൽക്കുമ്പോൾ ഈ പ്രവൃത്തികൾ കൂടി ചേർത്തു വായിക്കേണ്ടതാണ്.
2022 ജനുവരി 21. ലോകത്തിന് മാത്രമല്ല, കേരളത്തിനും അന്ന് അഭിമാന നിമിഷമാണ്. അന്താരാഷ്ട്ര നാണയനിധിയുടെ തലപ്പത്ത് ആദ്യ രണ്ടുസ്ഥാനങ്ങളിൽ രണ്ടു സ്ത്രീരത്നങ്ങൾ കടന്നു വരുന്നു. മാനേജിംഗ് ഡയറക്ടറായി ബൾഗേറിയക്കാരി ക്രിസ്റ്റലീന ജോർജിയേവയും ഫസ്റ്റ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറായി (എഫ്.ഡി.എം.ഡി.) ഗീതാഗോപിനാഥ് എന്ന മലയാളിയും. ആഗോളസമ്പദ് വ്യവസ്ഥയെ നിരീക്ഷിക്കുന്ന, വാഷിംഗ് ടൺ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സംഘടനയുടെ തലപ്പത്ത് എത്തുന്ന ആദ്യത്തെ ഇന്ത്യക്കാരി കൂടിയാണ് ഗീത.
മൈസൂരുവിൽ സ്ഥിരതാമസക്കാരായ കണ്ണൂർ മയ്യിൽ തന്നശ്ശേരി വീട്ടിൽ ടി.വി. ഗോപിനാഥിന്റെയും കുറ്റ്യാട്ടൂർ സ്വദേശി വി.സി. വിജയലക്ഷ്മിയുടെയും ഇളയമകളായ ഗീത ഏറ്റവും വെല്ലുവിളി നേരിട്ട കൊവിഡ് കാലത്ത് ലോകരാഷ്ട്രങ്ങളെ തകർച്ചയിൽ നിന്നു കരകയറ്റുകയെന്ന മഹാദൗത്യമാണ് ഏറ്റെടുത്തിരിക്കുന്നത്. അമേരിക്കൻ അക്കാഡമി ഒഫ് ആർട്സ് ആൻഡ് സയൻസസ് പ്രസിഡന്റ് ജോനാഥാൻ എഫ്. ഫാന്റൺ ഗീതയ്ക്ക് അയച്ച കത്തിൽ ഇങ്ങനെ എഴുതി. ''സാമ്പത്തിക ശാസ്ത്ര രംഗത്തെ പ്രമുഖർ താങ്കളെ എങ്ങനെ വിലമതിയ്ക്കുന്നു എന്നതിന്റെ പ്രതീകമാണ് ഈ അംഗത്വം.""
മാതാപിതാക്കളുടെ അനുഗ്രഹം തേടി
ചുമതലയേൽക്കുന്നതിന് മുമ്പ് മാതാപിതാക്കളുടെ അനുഗ്രഹം തേടി കഴിഞ്ഞ ആഴ്ച ഗീത മൈസൂരിലെത്തിയിരുന്നു. ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് മൈസൂരിലെത്തിയത്. തിരക്കു പിടിച്ച ഷെഡ്യൂൾ. ഒരു മാസം കൊണ്ട് അമേരിക്കയിൽ രണ്ട് കോടിയോളം പേർക്കുണ്ടായ തൊഴിൽനഷ്ടം പോലും ഗീതയുടെ മുന്നിലെ വെല്ലുവിളിയാണ്.ലോകത്തെ ഗ്രസിച്ച ദുരിതങ്ങളിൽ നിന്നു കരകയറ്റാൻ വളരെ വിശാലമായ ചിന്തയും അത് രൂപം നല്കുന്ന പദ്ധതികളും തന്നെ വേണമെന്നാണ് അവരുടെ പക്ഷം.
മൈസൂർ നിർമ്മല കോൺവെന്റിലെ സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം ഡൽഹി ലേഡി ശ്രീറാം കോളേജിലായിരുന്നു ഇക്കണോമിക്സിൽ ബിരുദപഠനം. ഡൽഹി യൂണിവേഴ്സിറ്റിയിൽ ടോപ്പർ ആയാണ് പഠനം പൂർത്തിയാക്കിയത്. യൂണിവേഴ്സിറ്റി ഒഫ് വാഷിംഗ് ടണിൽ തുടർപഠനം.പ്രിൻസ്റ്റൺ സർവകലാശാലയിൽ നിന്ന് പി എച്ച്.ഡി ബിരുദം നേടിയ ഗീതയുടെ മനസ് നിറയെ സാമ്പത്തികാവസ്ഥകളും അവയിലേക്കെത്താനുള്ള ഗോവണിപ്പടികളുമായിരുന്നു.
ശരിയായ സമയത്ത് ശരിയായ വ്യക്തി
ഇതുകൊണ്ടൊന്നും തീർന്നില്ല ആ വിജയഗാഥ. ഹാർവാർഡ് സർവകലാശാലയിൽ പ്രൊഫസർ, നാഷണൽ ബ്യൂറോ ഒഫ് ഇക്കണോമിസ്റ്റ് റിസർച്ചിന്റെ ഇന്റർനാഷണൽ ഫൈനാൻസ് ആന്റ് മാക്രോ ഇക്കണോമിക്സിന്റെ കോ- ഡയറക്ടർ, ഫെഡറൽ റിസർവ് ബാങ്ക് ഒഫ് ബോസ്റ്റണിന്റെ വിസിറ്റിംഗ് സ്കോളർ എന്നീ നിലകളിൽ പ്രവർത്തിച്ച ഗീത ഫെഡറൽ റിസർവ് ബാങ്ക് ന്യൂയോർക്കിന്റെ ഉപദേശക സമിതിയിലും അംഗമായിരുന്നു. മൂന്നുവർഷത്തോളം ഐ. എം. എഫ് ചീഫ് ഇക്കണോമിസ്റ്റായി പ്രവർത്തിച്ച പരിചയവും പുതിയ വീക്ഷണങ്ങളുമാണ് ഫസ്റ്റ് ഡെപ്യൂട്ടി എം.ഡിയായി സ്ഥാനക്കയറ്റം നേടാൻ ഗീതയ്ക്ക് വഴിയൊരുക്കിയത്.
ആഗോള സാമ്പത്തിക അവലോകന റിപ്പോർട്ട് തയാറാക്കുന്ന ഗവേഷണ വിഭാഗത്തിനു നേതൃത്വം നൽകിയിരുന്നതും ഗീതയായിരുന്നു.
ചീഫ് ഇക്കണോമിസ്റ്റ് പദവി വഹിച്ച ആദ്യ വനിതയെന്ന നിലയിൽ ചരിത്രം രേഖപ്പെടുത്തിയ പ്രവർത്തനങ്ങളാണ് അവർ നടത്തിയതെന്ന് ഐ.എം.എഫ് മാനേജിംഗ് ഡയറക്ടർ ക്രിസ്റ്റലീന ജോർജീവിയ പറഞ്ഞിരുന്നു. ഐ.എം.എഫിന്റെ പ്രവർത്തനങ്ങളിൽ ഗീതയുടെ പ്രഭാവം മഹത്തരമായിരുന്നു. രാജ്യാന്തര വാക്സിനേഷൻ ലക്ഷ്യങ്ങൾ നിശ്ചയിക്കുന്നതിലും ഐ.എം.എഫിനുള്ളിൽ കാലാവസ്ഥാ വ്യതിയാനം നിരീക്ഷിക്കാനുള്ള സംഘം രൂപപ്പെടുത്തുന്നതിലും ഗീത മുഖ്യ പങ്കു വഹിച്ചുവെന്നും ക്രിസ്റ്റലീന പറഞ്ഞു.
ലോകാരോഗ്യസംഘടന, ലോക വാണിജ്യസംഘടന, ലോകബാങ്ക് എന്നിവയുൾപ്പെട്ട സമിതിയിൽ ഗീതയായിരുന്നു അദ്ധ്യക്ഷ. കൊവിഡ് കാലത്ത് 3.15 ലക്ഷം കോടി രൂപയാണ് ഇത്തരത്തിൽ സമാഹരിച്ചത്. ഇതാണ് ഗീതയെ പുതിയ പദവിയിലേക്ക് ഉയർത്താൻ കാരണമെന്ന് ഐ.എം.എഫ്. മാനേജിംഗ് ഡയറക്ടറർ പറയുന്നു.'ശരിയായ സമയത്ത് ശരിയായ വ്യക്തി" എന്നാണ് നിയമനത്തെക്കുറിച്ച് അവർ അടിവരയിട്ട് പറഞ്ഞത്.
മുഖ്യമന്ത്രിയുടെ സാമ്പത്തിക
ഉപദേഷ്ടാവിൽ നിന്ന്
ഐ.എം.എഫിലേക്ക്
2016 ജൂലായ് മുതൽ മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവായി സൗജന്യ സേവനം നല്കിയിരുന്ന ഗീതാ ഗോപിനാഥ് ഐ.എം.എഫിലെ ചുമതലയേറ്റെടുക്കാനായി 2018ലാണു പദവി രാജിവച്ചത്.സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്ന വേളയിൽ ഗീതയെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ചപ്പോൾ ഈ രംഗത്ത് വളർച്ചയുടെ നാളുകൾ കൈവരുന്നുവെന്ന ശുഭപ്രതീക്ഷ കേരളീയ ജനതയ്ക്കുണ്ടായി. എന്നാൽ അധികം വൈകാതെ അവർ ഈ സ്ഥാനം രാജിവച്ച് ഐ.എം.എഫിൽ പുതിയ പദവിയിലെത്തുകയായിരുന്നു.
അറുപതിന് മേൽ പ്രായമുള്ളവർ സാധാരണയായി അംഗമാകുന്നിടത്ത് വെറും 46 വയസുള്ള ഗീതയ്ക്ക് മുഖ്യസ്ഥാനം ലഭിച്ചത് അവർക്ക് ഈ രംഗത്തുള്ള അറിവും പരിചയ സമ്പത്തും പ്രവർത്തന മികവും ഒന്നുകൊണ്ടു മാത്രമാണ്. പുതിയ സ്ഥാനലബ്ധി ഏറ്റെടുക്കുമ്പോൾ ഗീതയ്ക്ക് പ്രായം 50.
ഹാർവാർഡിൽ ചേരും മുമ്പ് ഷിക്കാഗോ സർവകലാശാലയിലെ ഗ്രാഡ്വറ്റ് സ്കൂൾ ഒഫ് ബിസിനസിൽ അസിസ്റ്റന്റ് പ്രൊഫസറായി പ്രവർത്തിച്ച ഗീതയുടെ സാമ്പത്തിക ഉപദേശം ഏറെ ശ്രദ്ധേയമായിരുന്നു. ഗ്രീസിലും ഐസ്ലാന്റിലുമുണ്ടായ സാമ്പത്തിക മാന്ദ്യത്തെ കുറിച്ചുള്ള ഗീതയുടെ നിരീക്ഷണങ്ങൾ ഇത്തരം രാജ്യങ്ങൾക്ക് പുനർജനി കൂടിയായി മാറുകയായിരുന്നു.
മകളുടെ പ്രവർത്തനങ്ങൾക്കുള്ള
അംഗീകാരം
ചീഫ് ഇക്കണോമിസ്റ്റായി പ്രവർത്തിക്കുന്ന വേളയിൽ ദരിദ്രരാജ്യങ്ങളുടെ ഉന്നമനമായിരുന്നു മകൾ ലക്ഷ്യമിട്ടത്. ആഫ്രിക്ക ഉൾപ്പടെയുള്ള രാജ്യങ്ങൾക്ക് കൊവിഡ് പ്രതിരോധ വാക്സിനും മറ്റും എത്തിക്കാൻ മകൾ കാണിച്ച താത്പര്യമായിരിക്കാം ഇത്തരമൊരു പദവിയിലെത്താൻ കാരണമായത്- അച്ഛൻ ഗോപിനാഥ് പറഞ്ഞു. അഞ്ച് വർഷത്തേക്കാണ് നിയമനം. അവളുടെ തസ്തിക ഫസ്റ്റ് ഡെപ്യൂട്ടി എം.ഡിയാണെങ്കിലും ഐ. എം. എഫിന്റെ പ്രധാനചുമതല തന്നെയാണ് ഗീതയ്ക്ക്. ഐ. എം. എഫ് നിയമാവലി പ്രകാരം എം.ഡി. യൂറോപ്യൻ വംശജയായിരിക്കണം. ഫസ്റ്റ് ഡെപ്യൂട്ടി എം.ഡി അമേരിക്കക്കാരനായിരിക്കണം. യഥാസമയം അനുയോജ്യയായ വ്യക്തി എന്ന് ഐ.എം.എഫ് എം.ഡി മകളെ വിശേഷിപ്പിച്ചതും ഏറെ സന്തോഷം പകരുന്നതാണ്.
ഇങ്ങനെയൊരു സ്ഥാനം തന്നെ തേടി വരുന്നുണ്ടെന്ന് കഴിഞ്ഞ മാസം തന്നെ സൂചിപ്പിച്ചിരുന്നു. എന്ത് ചെയ്യണമെന്നു ഉപദേശവും തേടിയിരുന്നു. മറ്റൊന്നും ആലോചിക്കേണ്ട, ഒരു വെല്ലുവിളിയായി ഏറ്റെടുക്കാൻ തന്നെ മകളോട് നിർദേശിക്കുകയായിരുന്നു.
ഫിനാൻസ് മാനേജ്മെന്റിനു പുറമെ ക്രൈസിസ് മാനേജ്മെന്റിലും ഗീത കാണിക്കുന്ന മിടുക്കും വൈദഗ്ദ്ധ്യവുമാണ് ഗീതയെ വേറിട്ടതാക്കുന്നത്- ഗോപിനാഥ് പറഞ്ഞു. എന്തായാലും ഇത്രയും വലിയ സ്ഥാനത്ത് മകൾ എത്തുന്നതിലുള്ള സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ. ഇപ്പോൾ അമേരിക്കയിൽ സ്ഥിരതാമസക്കാരിയാണ്. എം.ഐ.ടിയിലെ പോവർട്ടി ആക്ഷൻലാബിൽ ഇന്റർനാഷണൽ എക്സിക്യൂട്ടീവ് ഡയറക്ടറായ, സഹപാഠിയും സുഹൃത്തുമായിരുന്ന ഇക്ബാൽ സിംഗ് ദലിവാളാണ് ഭർത്താവ്. ഹാർവാർഡ് സർവകലാശാലയിൽ ബിരുദ വിദ്യാർത്ഥിയായ രോഹിൽ മകനാണ്. ഡൽഹിയിൽ എൻജിനീയറായ അനിത സഹോദരിയാണ്.