പഴയങ്ങാടി: കെ.എസ്.ടി.പി റോഡിൽ പാപ്പിനിശ്ശേരി, താവം റെയിൽവേ ഓവർ ബ്രിഡ്ജുകൾ അറ്റകുറ്റപണിക്കായി ഒരു മാസത്തേക്ക് അടച്ചു. ഇന്നലെ രാവിലെ മുതലാണ് പാലം അടച്ചത്. പാലം അടച്ചതോടെ യാത്രക്കാർ ദുരിതത്തിലായി. ദിവസേന ചെറുതും വലുതുമായ ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പ്രധാന റോഡിൽ ബദൽ സംവിധാനം അധികൃതർ ഏർപ്പെടുത്തി എന്ന് പറയുമ്പോഴും പ്രായോഗികമല്ലെന്നാണ് ആരോപണം.
രോഗികളുമായി പോകുന്ന ആംബുലൻസുകൾക്ക് പോലും കുരുക്കാണ് ഗതാഗത നിയന്ത്രണം. പഴയങ്ങാടിയിൽ നിന്ന് കണ്ണൂർ ഭാഗത്തേക്കുള്ള ബസുകൾ ഇരിണാവ് റോഡ്, പാപ്പിനിശ്ശേരി വഴി കണ്ണൂരിൽ പോകണം. മറ്റ് വാഹനങ്ങൾ ദേശീയപാത വഴി പോകാനാണ് നിർദ്ദേശം. പാലം അടക്കുന്നത് മൂലം മാടായി, ഏഴോം, ചെറുതാഴം, ചെറുകുന്ന്, കണ്ണപുരം തുടങ്ങിയ പഞ്ചായത്തുകളിലെ പതിനായിരക്കണക്കിന് യാത്രക്കാർ ദുരിതത്തിലായി. സ്കൂൾ, കോളേജ് എന്നിവ തുറന്നതോടെ വിദ്യാർത്ഥികൾക്കും മറ്റുള്ളവർക്കും കടുത്ത ദുരിതം പേറേണ്ടി വരും. പാലം അടച്ചത് പഴയങ്ങാടിയിലെ വ്യാപാര മേഖലയിലുള്ളവർക്കും വലിയ പ്രയാസം സൃഷ്ടിക്കുമെന്നും പറയുന്നു.
ഉദ്ഘാടനം കഴിഞ്ഞ് മൂന്നു വർഷത്തിനുള്ളിൽ പാലം തകരാറിലായത് വലിയ നാണക്കേട് ഉണ്ടാക്കിയിട്ടുണ്ട്. നിർമ്മാണത്തിലെ അപാകതയാണ് ഈ ദുരവസ്ഥക്ക് കാരണമായത്.