boat
കവ്വായി കായലിൽ യാത്രയ്ക്കായി ഒരുക്കുന്ന ജലഗതാഗതവകുപ്പിന്റെ ആധൂനിക ബോട്ട്

തൃക്കരിപ്പൂർ: പുതുവർഷസമ്മാനമായി വിനോദസഞ്ചാരികൾക്കായി ആയിറ്റിയിൽ നിന്ന് ജലഗതാഗത വകുപ്പിന്റെ സീ കവ്വായി ബോട്ട് സർവ്വീസ് . കവ്വായികായലിന്റെയും വലിയപറമ്പ് ദ്വീപിന്റെയും ഏഴിമലയുടെ താഴ്‌വാരത്തിന്റെയും മനോഹരകാഴ്ച തുറന്നിടുന്ന യാത്രയ്ക്ക് ഒരുങ്ങുന്ന ഈ ബോട്ടിന്റെ മിനുക്കുപണികൾ പുരോഗമിക്കുകയാണ്. ജനുവരി ആദ്യവാരത്തിൽ ബോട്ട് സർവീസ് തുടങ്ങുമെന്ന് ജലഗതാഗതവകുപ്പ് അധികൃതർ പറഞ്ഞു.

സ്വകാര്യയാർഡിൽ നിന്നും പണിതീർത്ത് ആയിറ്റിയിലെ ജലഗതാഗത കാര്യാലയത്തിലെത്തിച്ച സ്റ്റീൽ ബോട്ടിന് യാത്രക്കാരെ ആകർഷിക്കുന്നതിനായി വിവിധവർണങ്ങൾ നൽകിയിട്ടുണ്ട്. കുഷ്യൻ സീറ്റുകൾ പിടിപ്പിക്കുന്ന ജോലിയാണ് ഇപ്പോൾ നടക്കുന്നത്.

യാത്ര 75 പേർക്ക്

75 പേർക്ക് യാത്ര ചെയ്യാവുന്ന ബോട്ടിൽ ലഘുഭക്ഷണ പാനീയ കൗണ്ടറും സംഗീതാസ്വാദനത്തിനുള്ള സൗകര്യങ്ങളുമുണ്ടാവും. ശുചിമുറിയും ഒരുക്കിയിട്ടുണ്ട്. ഏഴിമലയുടെ താഴ്‌വാരവും കവ്വായിക്കായലിനോട് ചേർന്നുള്ള വിവിധ പ്രദേശങ്ങളും ചുറ്റി വരുന്നതിന് മൂന്നുമണിക്കൂറാണ് നിശ്ചയിച്ച സമയം. സുരക്ഷാഉപകരണങ്ങൾക്ക് പുറമെ പരിചയസമ്പന്നരായ അഞ്ച് ജീവനക്കാർ ഓരോ ഷെഡ്യൂളിലുമുണ്ടാവും. യാത്രാബോട്ട് ഒന്നായി ചുരുങ്ങിയത് കായൽയാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ കുറവ് വരുത്തിയിരുന്നു.

യാത്രക്കുള്ള ഫീസിന്റെ കാര്യത്തിൽ തീരുമാനമായിട്ടില്ല .നേരത്തെ അനുവദിക്കപ്പെട്ട സോളാർ ബോട്ടും പുതു വർഷത്തിൽ ആയിറ്റിയിൽ എത്തുമെന്ന പ്രതീക്ഷയുണ്ട്. സഞ്ചാരികളെ ലക്ഷ്യമിട്ട് രണ്ടാമതൊരു ബോട്ടുകൂടി എത്തുന്നത് യാത്രക്കാർക്കും അനുഗ്രഹമാകും-ആയിറ്റി ജലഗതാഗത വകുപ്പ് അധികൃതർ


വേണം കവ്വായിയിൽ ഓഫീസ്

പയ്യന്നൂർ മുനിസിപ്പൽ പരിധിയിലെ കവ്വായികടവിൽ ഓഫീസ് തുറന്നാൽ സീ കവ്വായി

ബോട്ട് സർവീസിന് ഗുണം ചെയ്യും കണ്ണൂർ കാസർഗോഡ് ജില്ലകളിൽ നിന്നെത്തുന്ന സഞ്ചാരികൾക്ക് രണ്ട് കേന്ദ്രങ്ങളിൽ നിന്നും യാത്രയ്ക്ക് അവസരം ലഭിക്കും.