cpz-cow1
ചർമ്മമുഴ രോഗം ബാധിച്ച പശുക്കളിലൊന്ന്

ചെറുപുഴ: കൊവിഡ് മഹാമാരിയും പ്രളയവുമടക്കം പ്രതിസന്ധികളെ അതിജീവിച്ച ക്ഷീരകർഷകർക്ക് ഇരുട്ടടിയായി പശുക്കളെ ബാധിക്കുന്ന വൈറൽരോഗം.ചർമ്മമുഴ (ലംഫി ഡിസീസ്)​ ആണ് ചെറുപുഴ തിരുമേനിയിലെ ആറോളം പശുക്കളിൽ കണ്ടെത്തിയിരിക്കുന്നത്.

താബോർ മേഖലയിൽ മൂന്നു മാസം മുമ്പ് പ്രത്യക്ഷപ്പെട്ട രോഗമാണ് ഇപ്പോൾ കൂടുതൽ പശുക്കളിലേക്ക് പടർന്നുപിടിച്ചിരിക്കുന്നത്. കണ്ണൂർ ജില്ലയിലെ മികച്ച ക്ഷീരസംഘം പ്രവർത്തിക്കുന്ന മേഖലയിലാണ് രോഗം പടർന്നതെന്നത് സ്ഥിതി ഗൗരവമുള്ളതാക്കുന്നു. 180 കർഷകർ അംഗങ്ങളായുള്ള ഈ ക്ഷീരസംഘത്തിൽ 1750 ലിറ്റർ പാൽ അളക്കുന്നുണ്ട്.

ചർമ്മ മുഴ കാപ്രിപോക്സ് വിഭാഗത്തിൽപ്പെടുന്ന ലംപി സ്കിൻ ഡീസീസ് വൈറസ് മൂലമുണ്ടാകുന്ന സാംക്രമിക രോഗമാണ് ചർമ്മമുഴ. പശുക്കളിലും എരുമകളിലും കാണുന്ന രോഗം മനുഷ്യരെ ബാധിക്കില്ല.ചെള്ളും ഇൗച്ചകളുമാണ് രോഗം പരത്തുന്നത്. രോഗബാധയുള്ള പശുക്കളുമായുള്ള നേരിട്ടുള്ള സമ്പർക്കം വഴിയും തള്ളപശുവിന്റെ പാൽകുടിക്കുക വഴി കുഞ്ഞുങ്ങളിലേക്കും രോഗം വ്യാപിക്കാം. ഫലപ്രദ ചികിത്സയില്ല രോഗം വന്നാൽ ഫലപ്രദമായ ചികിത്സലഭ്യമല്ല. വരാതെ നോക്കുകയും പ്രതിരോധ കുത്തിവയ്പ്പെടുക്കുകയുമാണ് മാർഗം. രോഗം പടർന്നുപിടിക്കുമ്പോഴും ശരിയായ ചികിത്സയില്ലാത്തതിൽ ആശങ്കയിലാണ് ക്ഷീരകർഷകർ. മുഴകൾ വ്രണങ്ങളായി മാറിയാൽ ബാക്ടീരിയൽ അണുബാധമൂലം ന്യൂമോണിയ സാദ്ധ്യത കൂടുതലാണ്. ലക്ഷണങ്ങൾ ശരീരചർമ്മത്തിൽ 1.5 സെ.മീ വ്യാസത്തിൽ വൃത്താകൃതിയിൽ മുഴ തടിപ്പ്, മൂക്കിൽ നിന്നും കണ്ണിൽ നിന്നുമുള്ള നീരൊലിപ്പ്, പനി, കഴലവീക്കം, പാൽ കുറവ് ,വിശപ്പില്ലായ്മ, കൈകാലുകൾ, കീഴ്ത്താടി, വയറിന്റെ കീഴ്ഭാഗം, എന്നിവിടങ്ങളിൽ നീർക്കെട്ട് , വായിലും മൂക്കിലും വ്രണങ്ങൾ. പ്രതിരോധിക്കണം 1.രോഗം പടർത്തുന്ന ഇൗച്ചകളും കൊതുകുകളും തൊഴുത്തിലെ ചുവരുകളിൽ ഇരിക്കാതിരിക്കാൻ കീടനാശിനികൾ ഉപയോഗിക്കുക. 2.കൊതുകുകളെയും ഈച്ചകളെയും അകറ്റി നിറുത്തുന്ന ലേപനങ്ങൾ മൃഗങ്ങളുടെ ശരീരത്തിൽ പുരട്ടുക. 3. രോഗബാധയുള്ള പശുക്കളെ മാറ്റിപാർപ്പിക്കുക. തൊഴുത്തും പരിസരവും അണുനാശിനി ഉപയോഗിച്ച് ( ഫിനോൾ 2%,ഫോർമോലിൻ 1%) വൃത്തിയാക്കുക. കൂടാതെ അയഡിൻലായനികൾ, ബ്ലീച്ചിംഗ് പൗഡറുകൾ എന്നിവയും ഉപയോഗിക്കുക.

അവർ പ്രതിഷേധത്തിലാണ്

രോഗം വ്യാപിക്കുന്നുവെന്ന സൂചന ലഭിച്ചതോടെ മൃഗസംരക്ഷണവകുപ്പിനെതിരെ മേഖലയിലെ ക്ഷീരകർഷകർ പ്രതിഷേധത്തിലാണ്. ചെറുപുഴ പഞ്ചായത്തിന്റെ മൃഗാശുപത്രിയിലെ വനിതാ വെറ്റിനറി സർജ്ജന്റെ സേവനം യഥാസമയം ലഭിക്കുന്നില്ലെന്നതാണ് പ്രധാന പരാതി. അഞ്ച് മണിക്ക് ശേഷവും , അവധിദിവസങ്ങളിലും ഫോൺ വിളിച്ചാൽ പോലും ഡോക്ടറെ കിട്ടാറില്ല. മൂവായിരത്തോളം കർഷകർ ക്ഷീരമേഖലയെ ആശ്രയിച്ച് കഴിയുന്ന മലയോരമേഖലയിൽ ഏതുസമയത്തും വളർത്തുമൃഗങ്ങളെ ചികിത്സിക്കാനുള്ള സജ്ജീകരണം വേണമെന്നാണ് ഇവരുടെ ആവശ്യം. ചെറുപുഴ മൃഗാശുപത്രിയിൽ അത്യാവശ്യമരുന്നുകൾ ലഭിക്കാത്തതിലും കർഷകർക്ക് പ്രതിഷേധമുണ്ട്. മിക്ക മരുന്നുകളും സ്വകാര്യ മെഡിക്കൽ ഷോപ്പിൽ നിന്ന് വാങ്ങേണ്ട സാഹചര്യമാണ് ഇവർക്ക്.