vivahathattipp
വിവാഹത്തട്ടിപ്പ്

മാഹി: മുംബയിൽ മാട്രിമോണിയൽ വെബ്‌സൈറ്റുകളിലൂടെ പരിചയപ്പെടുന്ന സ്ത്രീകളെ ശാരീരികമായും സാമ്പത്തികമായും ചൂഷണം ചെയ്ത മലയാളി മുംബയിൽ അറസ്റ്റിൽ. മാഹി സ്വദേശി പ്രജിത്താണ് താനെ പൊലീസിന്റെ പിടിയിലായത്. വിവാഹ ബന്ധം വേർപെടുത്തിയവരും ഭർത്താവ് മരിച്ചവരുമാണ് ഇയാളുടെ പ്രധാന ഇരകൾ. ഇതിനകം ഇരുപതിലധികം പരാതികളാണ് താനെയിൽ ലഭിച്ചത്.
ഫ്രാൻസിൽ സ്വന്തമായി പഞ്ചനക്ഷത്ര ഹോട്ടൽ ഉണ്ടായിരുന്നുവെന്നാണ് ഇയാൾ ഇരകളെ വിശ്വസിപ്പിച്ചത്. ജന്മനാട്ടിൽ സ്ഥിരതാമസമാക്കാനായി ഹോട്ടൽ വിറ്റ് ഇന്ത്യയിലേക്ക് മടങ്ങിയെന്നും ഇയാൾ പറഞ്ഞിരുന്നു. പഞ്ചനക്ഷത്രഹോട്ടൽ വിറ്റ വകയിൽ കൈയിലുള്ള വിദേശ പണത്തിന്റെ മൂല്യം 5,200 കോടിയോളം രൂപ വരുമെന്നാണ് ഇയാൾ പറഞ്ഞിരുന്നത്. ഈ തുകക്ക് റിസർവ് ബാങ്കിന്റ ക്ലിയറൻസ് ഇതുവരെ ലഭിച്ചിട്ടില്ലെന്നും ഇതിനായാണ് മുംബയിൽ തങ്ങുന്നതെന്നുമാണ് ഇയാൾ സ്ത്രീകളെ വിശ്വസിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചെന്നും പരിചയപ്പെട്ട സ്ത്രീകളോട് പറഞ്ഞിരുന്നു.

ഈ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ വലിയ പണച്ചെലവുണ്ടെന്ന് കാണിച്ചായിരുന്നു പല ഘട്ടങ്ങളിലായി പ്രജിത് പണം തട്ടിയെടുത്തിരുന്നതെന്ന് പൊലീസ് പറഞ്ഞു. മുംബയിലെ വിവിധ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ മാറി മാറി താമസിച്ചായിരുന്നു ചതിക്കുഴികൾ ഒരുക്കിയത്. ഹോട്ടലിൽനിന്ന് വാടകക്കെടുക്കുന്ന കാറുകളിലായിരുന്നു ഇയാളുടെ യാത്ര.