കാർത്തികപുരം: വന്യജീവികളുടെ ശല്യത്തിൽ പൊറുതിമുട്ടി ഉദയഗിരി പഞ്ചായത്തിലെ മലയോര കർഷകർ. വന്യമൃഗങ്ങളിൽ ഏറ്റവുമധികം ഉപദ്രവം കാർഷിക വിളകൾക്കുണ്ടാക്കുന്നത് കാട്ടുപന്നികളാണ്. വനമേഖലയോട് ചേർന്നു കിടക്കുന്ന കൃഷിയിടങ്ങളിലിറങ്ങുന്ന കാട്ടുപന്നികൾക്ക് മുന്നിൽ എന്നാൽ നിസ്സഹായരായി നിൽക്കുകയാണ് കർഷകർ. ഇവയെ കൊല്ലാൻ ഇവിടുങ്ങളിലെ കർഷകർക്ക് അനുമതിയില്ലാത്തത് പ്രധാന പ്രശ്നമായി ഇവർ പറയുന്നു.

നേരത്തെ ഹൈക്കോടതി ഉത്തരവിലൂടെ കേരളത്തിലെ ഏതാനും ചില സ്ഥലങ്ങളിൽ കർഷകർക്ക് ഉപദ്രവകാരികളായ കാട്ടുപന്നികളെ വെടിവയ്ക്കാൻ അനുമതി ലഭിച്ചിരുന്നു. ഇത് എല്ലായിടത്തും സ്വീകാര്യമാക്കണമെന്ന ആവശ്യമാണ് കർഷകരിലുള്ളത്. എന്നാൽ,​ കാട്ടുപന്നിയെ ക്ഷുദ്രജീവിയായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പ്രഖ്യാപിച്ചാൽ മാത്രമേ കർഷകരുടെ ആവശ്യം സംസ്ഥാനം മുഴുവൻ ബാധകമാക്കാൻ കഴിയുകയുള്ളൂവെന്നാണ് വനം വകുപ്പധികൃതർ പറയുന്നത്.

കൃഷി സംരക്ഷിക്കാനായി കർഷകർ കാട്ടുപന്നിയെ ഒച്ചയിട്ട് ഓടിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. ലൈസൻസുള്ള കർഷകർ പോലും ഒച്ചയിട്ടുനടക്കേണ്ട ഗതികേടാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. വനമേഖലയോട് സമീപമുളള സ്ഥലങ്ങളിലും തരിശിട്ട് കാടുപോലെയായി തീർന്ന കുറ്റിക്കാടുകളോട് ചേർന്ന പ്രദേശങ്ങളിലും കർഷകർക്ക് പേടി സ്വപ്നമാണ് കാട്ടുപന്നികൾ. വിളകൾ ഭക്ഷിക്കുന്നതിനു പുറമെ ഇവ ചവിട്ടിയും പിഴുതും നശിപ്പിക്കുന്നു.

കർഷകരെ ആക്രമിച്ച നിരവധി സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

കാട്ടുപന്നികൾ ഉറക്കം കെടുത്തുന്ന പ്രദേശങ്ങൾ

ജോസ്ഗിരി, ജയഗിരി, താബോർ, മമ്പൊയിൽ.

ബാക്കിയാകുന്നത് കടക്കെണി

ജോസ് ഗിരി ഫോറസ്റ്റിൽ നിന്നും കാനംവയൽ ഫോറസ്റ്റിൽ നിന്നും കാടിറങ്ങുന്ന കാട്ടുപന്നികൾ കൂട്ടമായെത്തി വിളകൾ നശിപ്പിക്കുന്നത് പതിവാണ്. ബാങ്കുകളിൽ നിന്ന് വായ്പയെടുത്തും പലിശക്കെടുത്തും കൃഷി നടത്തിയവരും പാട്ട കൃഷി നടത്തിയവരും കടക്കെണിയിലാണ്. കൊവിഡിന് പുറമെയാണ് കർഷകർക്ക് കാട്ടുപന്നിയിൽ നിന്നുള്ള ആക്രമണം.

പന്നിയെ തൊട്ടാൽ കേസെടുക്കുന്ന വനംവകുപ്പ് പന്നി ശല്യത്തിനെതിരെ ഒരു നടപടിയും സ്വീകരിക്കുന്നില്ല. ലൈസൻസുള്ള തോക്ക് ഉപയോഗിക്കുന്നവർക്കെങ്കിലും കാട്ടുപന്നിയെ വെടിവയ്ക്കാനുള്ള അനുവാദം നൽകണം.

നാട്ടുകാർ