കൂത്തുപറമ്പ്: 'ഇതാ വരുന്നു" എന്ന് പറയാൻ തുടങ്ങിയിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും നഗരത്തിലെ ട്രാഫിക് സർക്കിൾ ഇനിയും യാഥാർത്ഥ്യമായിട്ടില്ല. കരാറുകാരുടെ അനാസ്ഥയെ തുടർന്ന് ട്രാഫിക് സർക്കിൾ നിർമ്മാണം നീളുകയാണ്. തലശ്ശേരി-വളവുപാറ കെ.എസ്.ടി.പി റോഡ് നവീകരണത്തിന്റെ ഭാഗമായാണ് കൂത്തുപറമ്പ് നഗരത്തിൽ ട്രാഫിക് സർക്കിൾ നിർമ്മിക്കാൻ തീരുമാനിച്ചത്.
ടൗണിന്റെ ഹൃദയഭാഗത്ത് കണ്ണൂർ റോഡ് ജംഗ്ഷനിലാണ് ട്രാഫിക് സർക്കിൾ സ്ഥാപിക്കേണ്ടത്. മൂന്ന് വർഷം മുൻപ് ഇതിനുള്ള നടപടികൾ ആരംഭിച്ചെങ്കിലും നിർമ്മാണം നീണ്ടു. ആദ്യഘട്ടത്തിൽ റോഡിൽ മണൽചാക്കുകൾ വിരിച്ച് സർക്കിളിന്റെ രൂപരേഖ തയ്യാറാക്കിയിരുന്നു. എന്നാൽ വാഹനങ്ങൾ കയറി മണൽചാക്കുകൾ നശിച്ചതോടെ റോഡിൽ നിന്നും ചാക്കുകൾ ഒഴിവാക്കുകയാണുണ്ടായത്. പിന്നീട് ഡമ്മികൾ സ്ഥാപിച്ചും ട്രാഫിക് സർക്കിളിന്റെ മാതൃക ഒരുക്കിയിരുന്നു.
ഡമ്മികളും വാഹനങ്ങളിടിച്ച് തകർന്നതോടെ മാറ്റി. ഇതിനിടയിൽ സർക്കിൾ സ്ഥാപിക്കുന്നതിന് മുന്നോടിയായി മെഷീനുപയോഗിച്ച് റോഡ് മുറിക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് നടപടികളൊന്നും തന്നെ ഉണ്ടായിരുന്നില്ല.
ഓരോ ദിവസവും കുരുക്ക്
ഓർമ്മപ്പെടുത്തുന്നു
ട്രാഫിക് സർക്കിളിന്റെ സ്ഥാനത്ത് അടയാളങ്ങളൊന്നും ഇല്ലാതായതോടെ വാഹനങ്ങൾ തോന്നിയ പടിയാണ് ഇതുവഴി കടന്നുപോകുന്നത്. ഇതിനെ തുടർന്ന് ടൗണിൽ ഗതാഗതക്കുരുക്ക് രൂക്ഷമായ അവസ്ഥയാണുള്ളത്.