അഞ്ചരക്കണ്ടി: നഗരസഞ്ചയ പദ്ധതിയിലുൾപ്പെടുത്തി അഞ്ചരക്കണ്ടി പുഴ സംരക്ഷിക്കുന്നതിന് അഞ്ച് കോടിയുടെ പദ്ധതി നടപ്പാക്കാൻ ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗം തീരുമാനിച്ചു. ഭരണസമിതിയുടെ ഒന്നാം വാർഷികത്തിന്റെ ഭാഗമായി പ്രസിഡന്റ് പി.പി ദിവ്യയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. പദ്ധതിയുടെ ഡി.പി.ആർ തയ്യാറാക്കാൻ അഞ്ച് ലക്ഷം രൂപ മാറ്റിവച്ചിട്ടുണ്ട്.

വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ, സ്ഥിരം സമിതി അദ്ധ്യക്ഷരായ യു.പി ശോഭ, അഡ്വ. ടി. സരള, വി.കെ സുരേഷ് ബാബു, അഡ്വ. കെ.കെ രത്‌നകുമാരി, സെക്രട്ടറി വി. ചന്ദ്രൻ യോഗത്തിൽ പങ്കെടുത്തു.

ആയിരക്കണക്കിനു കുടുംബങ്ങൾക്കു കുടിവെള്ളം നൽകുന്ന അഞ്ചരക്കണ്ടി പുഴയും കടുത്ത മാലിന്യ ഭീഷണി നേരിടുകയായിരുന്നു. മമ്മാക്കുന്ന് പാലത്തിൽ നിന്നും മുഴപ്പിലങ്ങാട് കടവിലേക്കുള്ള റോഡിൽ നിന്നും സമീപത്തെ ചതുപ്പിലേക്കു തള്ളുന്ന ജൈവമാലിന്യങ്ങൾ ഒഴുകിയെത്തുന്നതും പുഴയിലേക്കു തന്നെ.

മാറുന്നു നിറവും മണവും

കണ്ണൂർ- കോഴിക്കോട് ജില്ലാ അതിർത്തിയിലെ അതിരുകുറ്റിമലയിൽ നിന്ന് ഉത്ഭവിച്ചു കണ്ണവം കാട്ടിലൂടെ നാലു കിലോമീറ്ററോളം ഒഴുകി പെരുവ, എടയാർ, കോളയാട്, കണ്ണവം ടൗൺ, കണ്ടംകുന്ന്, മണക്കായി, വേങ്ങാട്, കീഴല്ലൂർ, അഞ്ചരക്കണ്ടി, മമ്പറം വഴി മേലൂരിൽ എത്തി രണ്ടു കൈവഴികളായി പിരിഞ്ഞു ധർമടത്തേക്കും പിണറായിലേക്കും ഒഴുകുന്നതാണ് അഞ്ചരക്കണ്ടി പുഴ. കാട്ടിലൂടെ ഒഴുകിയെത്തുന്ന തെളിനീരിനു നഗരവൽക്കരിക്കപ്പെട്ട പ്രദേശങ്ങളിലെത്തുന്നതോടെ നിറവും ഗുണവും മാറുന്നു. കണ്ണവം ടൗൺ മുതൽ ഇതു കാണാം.