
കണ്ണൂർ: സ്വത്തിന് വേണ്ടി പ്രായമേറിയ മാതാവിന് മക്കളുടെ ക്രൂരമർദ്ദനം. നേരത്തെ മരിച്ച ഒരു മകളുടെ സ്വത്ത് വീതിച്ചുനല്കാനാവശ്യപ്പെട്ട് മാതമംഗലം പേരൂലിലെ മീനാക്ഷിയമ്മയെ മറ്റ് മക്കൾ ചേർന്ന് മർദ്ദിച്ചതായാണ് പരാതി. മർദ്ദനത്തിൽ മീനാക്ഷിയമ്മയ്ക്ക് കൈക്കും കാലിനും നെഞ്ചിനും പരിക്കേറ്റിട്ടുണ്ട്.
ഇക്കഴിഞ്ഞ പതിനഞ്ചാം തീയതിയായിരുന്നു സംഭവം. 93 വയസുള്ള അമ്മയുടെ കൈ പിടിച്ച് തിരിച്ചു, കാലിൽ ചവിട്ടി പിടിച്ചു, ശേഷം നെഞ്ചിന് പിടിച്ച് തള്ളിമാറ്റി തുടങ്ങിയ പരാതികളാണുള്ളത്. എന്നിട്ടും ഒപ്പിടാതിരുന്ന മാതാവിനെ അസഭ്യവർഷം നടത്തിയ വീഡിയോ ദൃശ്യങ്ങളും ശബ്ദവും പുറത്തുവന്നതോടെയാണ് സംഭവം പുറംലോകമറിയുന്നത്. മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളാണ് സംഭാഷണം റെക്കാഡ് ചെയ്തത്.
മീനാക്ഷിഅമ്മയ്ക്ക് പത്തുമക്കളുണ്ട്. മൂന്ന് പേർ നേരത്തെ മരിച്ചു. മരിച്ച ഓമനയുടെ സ്വത്ത് ആവശ്യപ്പെട്ടാണത്രെ മർദ്ദനം.
മാദ്ധ്യമവാർത്തകളെ തുടർന്ന് ആർ.ഡി.ഒയുടെ നിർദ്ദേശപ്രകാരം രവീന്ദ്രൻ, അമ്മിണി, സൗദാമിനി, പത്മിനി എന്നിവരുടെ പേരിൽ പെരിങ്ങോം പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ. ബിന്ദുയും റിപ്പോർട്ട് തേടിയിരുന്നു.