കണ്ണൂർ: ഉത്തര കേരളത്തിന്റെ റെയിൽവേ വികസനവുമായി ബന്ധപ്പെട്ട് ദക്ഷിണമേഖലാ റെയിൽവേ ജനറൽ മാനേജർ ജോൺ തോമസ് റെയിൽവേ സ്റ്റേഷനുകൾ സന്ദർശിച്ചു. മംഗളൂരു മുതൽ കണ്ണൂർവരെ ആയിരുന്നു സന്ദർശനം. മേൽപാലം സൗകര്യം വർദ്ധിപ്പിക്കൽ, നാലാംപ്ലാറ്റ് ഫോം, ജീവനക്കാരുടെ ക്വാർട്ടേഴ്‌സ് നിർമാണം തുടങ്ങി യാത്രക്കാരും ജീവനക്കാരും കാലങ്ങളായി നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്നും അദ്ദേഹം പറഞ്ഞു. നാലാം നമ്പർ പ്ലാറ്റ് ഫോം നിർമാണം തുടങ്ങണമെന്നും ടിക്കറ്റ് കൗണ്ടറുകളുടെ എണ്ണം വർധിപ്പിക്കണമെന്നുമാവശ്യപ്പെട്ട് കെ. സുധാകരൻ എം.പി, രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ എന്നിവർ നിവേദനം നൽകി. മംഗളൂരു സെൻട്രൽ, മംഗളൂരു ജംഗ് ഷൻ, കാസർകോട്, കണ്ണപുരം സ്റ്റേഷനുകൾ സന്ദർശിച്ചു. പഴയങ്ങാടി പാലം, ചന്ദ്രഗിരി പാലം, കോട്ടിക്കുളം റെയിൽവേ ഗേറ്റ് എന്നിവയും സന്ദർശിച്ചു. നേത്രാവതി മുതൽ കാസർകോടുവരെ 110 കിലോമീറ്റർ വേഗത്തിൽ പരീക്ഷണ ഓട്ടം നടത്തി.
മംഗളൂരു, തൊക്കോട്ട് സ്‌റ്റേഷനുകൾക്കിടയിലെ കുലശേഖരയിൽ പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായുള്ള തുരങ്ക നിർമാണം ഫെബ്രുവരിയിൽ പൂർത്തിയാക്കുമെന്നും മാർച്ചിൽ ട്രെയിൻ ഓടിക്കുമെന്നും അദ്ദേഹം മംഗളൂരുവിൽ പറഞ്ഞു.